Sunday 23 December 2012

പോയി കൊന്നേച്ചു വാടാ,നമ്മളൊന്നു സ്വീകരിക്കട്ടെ..

ഇറ്റാലിയന്‍ മരീനുകള്‍ക്ക്‌ ഇറ്റലിയില്‍ വമ്പന്‍ സ്വീകരണം.. കടലില്‍ മീന്‍ പിടിക്കാന്‍ പോയ രണ്ട്‌ ഇന്‍ഡ്യാക്കാരെ സാഹസികമായി വെടി വച്ചു കൊന്നിട്ടു വരുന്നവരെ രാഷ്ട്ട്രത്തിന്‌ ആദരിയ്ക്കാതിരിക്കാന്‍ പറ്റുമോ?അതും സ്വന്തം ബോട്ടില്‍ സ്വന്തം രാജ്യത്തിണ്റ്റെ സമുദ്രാതിര്‍ത്തിക്കകത്ത്‌ കിടന്നുറങ്ങുന്നവരെ കൊന്നു തള്ളിയത്‌ ചില്ലറ കാര്യമാണോ? ഇന്ത്യാ ഗവണ്‍മണ്റ്റ്‌ ചിലവില്‍ പത്തു മാസത്തെ നക്ഷത്ര ഹോട്ടലിലെ ക്രൂര തടവിനു ശേഷം തളര്‍ന്നു വന്നേക്കുവാണല്ലോ ധീര ജവാന്‍മാര്‍..ആരെ കൊന്നലെന്താ ആഘോഷങ്ങള്‍ മുടക്കാന്‍ നമ്മുടെ ഇന്ത്യന്‍ സര്‍ക്കാര്‍ സമ്മതിക്കില്ല കേട്ടോ.. രണ്ടല്ല രണ്ടായിരം പൌരന്‍മാരെ കൊന്നലും ഒരു വിദേശ പൌരന്‍ ക്രിസ്റ്റ്മസ്‌ ആഘോഷിച്ചില്ലേല്‍ നമ്മുടെ രാജ്യത്തിണ്റ്റെ സാംസ്കാരിക പൈതൃകം പൊയ്പ്പൊകുമല്ലോ?വീട്ടില്‍ കെറി സ്വന്തം തന്തയെ മുന്നിലിട്ടു തല്ലിയാലും 'ചേട്ടാ പോവല്ലേ,ഇരുന്നാട്ടേ,ചായ കുടിച്ചിട്ട്‌ പൊകാം',എന്ന ആതിഥ്യ മര്യാദാ മനോഭാവം എപ്പൊളും നമ്മള്‍ കാത്തു സൂക്ഷിക്കണമത്രെ..പ്രത്യേകിച്ച്‌ അന്യ നാട്ടുകാര്‍ വന്നു തല്ലിയാല്‌ കുറച്ചു ദിവസം വീട്ടില്‍ താമസിപ്പിച്ച്‌ ഊട്ടിയുറക്കിയേ വിടാന്‍ പാടുള്ളത്രേ.120  കോടി പൌരന്‍മാര്‍ ഉള്ള ഇന്ത്യാമഹാരാജ്യത്തില്‍ വെറും 200 ഇന്ത്യന്‍ പൌരന്‍മാരെ മാത്രം വെടി വച്ചു കൊന്ന കസബ്‌ എന്ന കുഞ്ഞാടിനെ പോലും തൂക്കിലേറ്റിയതിണ്റ്റെ പാപക്കറ അത്ര പെട്ടെന്ന്‌ മാഞ്ഞു പോകില്ലത്രെ. കപ്പലില്‍ ഇരുന്ന്‌ ഇറ്റാലിയന്‍ ധീര ജവാന്‍മാര്‍ വെള്ളമടിച്ചിരുന്ന്‌ ബോറടിച്ചപ്പോല്‍ രണ്ടു സാധാരണ ഇന്ത്യന്‍ പൌരമാരെ വെടി വച്ചു ഉന്നം നോക്കിയത്‌ ഇത്ര വലിയ തെറ്റാണോ?അതിനു വേണ്ടി ക്രിസ്മസ്‌ ആഘോഷം നിഷേധിയ്ക്കുന്നത്‌ തെറ്റാണെന്ന്‌ സര്‍ക്കാരും നാട്ടിലയച്ചത്‌ ഉചിതമായെന്ന്‌ മഹാനായ പാതിരിയും പറയുമ്പൊള്‍ നമ്മള്‍ വികാരഭരിതരാകാന്‍ പാടില്ല തന്നെ. പോയിട്ട്‌ പത്താം തീയതി ഇങ്ങു പോരുമല്ലോന്നേ..വന്നില്ലെല്‍ അപ്പം കാണാം കളി. എത്രയും പെട്ടെന്ന്‌ ചാര്‍ട്ട്‌ ചെയ്ത വിമാനത്തില്‍ നാട്ടിലേക്കയച്ച്‌ ക്രിസ്മസ്‌ ആഘോഷിപ്പിച്ചില്ലേല്‍ ദൈവകോപം ഇന്ത്യക്കു മൊത്തം കിട്ടുമത്രെ.. അതും മായനണ്ണന്‍ പ്രവച്ചിച്ച ഈ ലോകാവസാന കാലത്ത്‌ തന്നെ ഈ കൊടും പാപം വരുത്തി വയ്ക്കണൊ?
                                                    പല രാജ്യങ്ങളും സ്വന്തം നാട്ടില്‍ വന്ന്‌ പൌരന്‍മാരെ ഉപദ്രവിക്കുന്ന കുഞ്ഞാടുകളെ പീഡിപ്പിച്ചു കൊല്ലുന്നത്രെ..ഛെ..ആതിഥ്യ മര്യാദ ഇല്ലാത്തോന്‍മാര്‌,പ്‌ഫൂ...ഇവനെയൊക്കെ മായനണ്ണന്‍ കൊണ്ടു പോകും തീര്‍ച്ച...

Picture courtesy :ശ്രീ.വി.ആര്‍ . രാഗേഷ്‌

Thursday 13 December 2012

ക്യാപ്റ്റോ,പരാക്രമം പിച്ചിനോടല്ല വേണ്ടു..

ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിനെ നാണക്കേടിണ്റ്റെ പടുകുഴിയിലേക്ക്‌ വലിച്ചിഴച്ച ഒരു ടെസ്റ്റ്‌ സീരീസ്സായി മാറിക്കഴിഞ്ഞിരിക്കുന്നു 2012 ലെ ഇംഗ്ളണ്ട്‌ ടീമിണ്റ്റെ ഇന്ത്യന്‍ പര്യടനം..ഒരുത്തനെ വീട്ടില്‍ വിളിച്ചു വരുത്തി ഒടിഞ്ഞ കസേരയില്‍ ഇരുത്തി വീഴിക്കുക എന്ന വില കുറഞ്ഞ തന്ത്രം ധോണിയെ പോലെ വിജയ റിക്കോര്‍ഡ്‌ ഉള്ള ഒരു ക്യാപ്റ്റനില്‍ നിന്നും ആരും പ്രതീക്ഷിച്ചില്ല പോലും.ഇങ്ങേര്‍ക്ക്‌ ഇതെന്തിണ്റ്റെ കേടാണ്‌?സ്വന്തം നാട്ടില്‍ സ്പിന്‍ പിച്ചുണ്ടാക്കി ജയിക്കെണ്ട ഗതികേടു നമുക്കുണ്ടൊ?അങ്ങനെ ജയിക്കാന്‍ ഏതു മോനും പറ്റില്ലേ?ഇങ്ങനെ പോകുന്നു സംശയങ്ങള്‍.യുവരാജിനേയും സച്ചിനെയും പോലുള്ള കളിക്കാരുടെ അസാമാന്യ പ്രകടനത്തിലൂടെ കിട്ടിയ ലോകകപ്പ്‌ വിജയം തനിക്കു കിട്ടിയ ഒരു ബോണസ്സായി കരുതേണ്ടതിനു പകരം ടെസ്റ്റ്‌ ക്രിക്കറ്റില്‍ കൂടി തണ്റ്റെ വിജയം എങ്ങനേലും കുറിച്ചേ അടങ്ങൂ എന്ന സമീപനം നല്ലതാണോ എന്ന്‌ ധോണി തന്നെ പരിശോധിക്കേണ്ടിയിരിക്കുന്നു. ഈഡന്‍ ഗാര്‍ഡന്‍സ്‌ പിച്ച്‌ ക്യുറേറ്ററോട്‌ തലയും ചൊറിഞ്ഞ്‌ 'പൊന്നു മച്ചമ്പീ,ആ പിച്ചങ്ങ്‌ കിളച്ചിട്ടേരെ,നമ്മുടെ ഹര്‍ബജനളിയനും ഓജ അളിയനും ബാക്കി കാര്യം നോക്കിക്കോളും' എന്നു പറഞ്ഞതും ,'പോയി പണി നോക്കൂവാ, അന്തസ്സായി കളിച്ച്‌ ജയിക്കാന്‍ നോക്കു മോനെ നാറിയ പരിപാടിക്കിറങ്ങാതെ,കുറെ നാളായല്ലോ ക്രിക്കറ്റ്‌ ചൊരണ്ടുന്നെ,നിന്നെക്കാളും വലിയ ക്യാപ്റ്റന്‍മാര്‍ എന്നൊടിങ്ങനെ പറഞ്ഞിട്ടില്ലാ,അതിനു വേറെ ആളെ നോക്കിക്കോ' എന്ന്‌ തിരിച്ചടിച്ച്‌ ക്യുറേറ്റര്‍ തല ഉയര്‍ത്തി പോയതും ചരിത്രം.വെറുതെയിരുന്ന അമ്മാവനെ ഷോര്‍ട്ട്‌ പിച്ച്‌ ബോളിട്ട്‌ ഫോമാക്കിയ പോലായിപ്പോയല്ലോ,മൂപ്പീന്നിനെ പോകാന്‍ പറ'എന്നു മൊഴിഞ്ഞ്‌ നാണം കെട്ടവണ്റ്റെ മൂലത്തിലെ ആലിണ്റ്റെ തണലില്‍ പുതിയ ചെറുപ്പക്കാരന്‍ ക്യുറേറ്ററെ ഇറക്കി ക്യാപ്റ്റന്‍ ഉദ്ദിഷ്ട കാര്യം സാധിച്ചെന്നാണ്‌ കേട്ടു കേള്‍വി.അതിനു ശേഷം ഉണ്ടായ പുകില്‌ പറയേണ്ടതില്ലല്ലോ??ഇംഗ്ളണ്ടിനു വടിയും കൊടുത്തു,കിട്ടാനുള്ള അടിയും മേടിച്ചു.
                ഇനി നമുക്ക്‌ നേരെയങ്ങു പറയാമല്ലോ..ആദ്യം ധോണിയെപ്പോലുള്ള ക്യാപ്റ്റന്‍മാര്‍ മനസ്സിലാക്കേണ്ട കാര്യം എങ്ങനെയെങ്കിലും ജയിക്കേണ്ട കളിയാണോ 'മാന്യന്‍മാരുടെ കളി' എന്നറിയപ്പെടുന്ന ക്രിക്കറ്റ്‌ എന്നുള്ളതാണ്‌.ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിന്‌ തോല്‍വികള്‍ ഒരു പുതിയ കാര്യവുമല്ല.പക്ഷെ ആ തോല്‍വികളിലും ക്രിക്കറ്റിനെ സ്നേഹിക്കുന്ന ഓരൊ ഇന്ത്യാക്കാരനും സന്തോഷം തോന്നണം.മികച്ച കളി കാഴ്ച്ച വച്ച ടീം ജയിച്ചു എന്നതാണ്‌ കാര്യം, അല്ലാതെ പാകിസ്താണ്റ്റെ ലോക പ്രശസ്തരായ ബൌളന്‍മാര്‍ ക്രിക്കറ്റ്‌ ലോകത്തിനു കാണിച്ചു തന്ന പോലെ പന്തു ചുരണ്ടിയും ,1930 കളിലെ ഇംഗ്ളണ്ട്‌ ക്രിക്കറ്റ്‌ ടീമിനെയും 1980 കളിലെ ആദ്യപകുതിയിലെ വെസ്റ്റ്‌ ഇന്‍ഡീസ്‌ ടീമിനെയും പോലെ അപകടകരമായ ബൊഡീലൈന്‍ പന്തുകള്‍ മാത്രം എറിഞ്ഞ്‌ ബാറ്റ്സ്മാണ്റ്റെ മണ്ടയെങ്കിലും എറിഞ്ഞ്‌ പൊട്ടിച്ച്‌ കളി ജയിക്കണമെന്നതിലല്ല.ബംഗ്ളാദേശിനെ പോലുള്ള കുഞ്ഞന്‍ ക്രിക്കറ്റ്‌ രാജ്യങ്ങള്‍ പോലും ശക്തരായ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിനെ തൊല്‍പ്പിച്ചപ്പോള്‍ അതവരുടെ പ്രയത്നത്തിണ്റ്റെ വിജയമായി കണ്ട്‌ ആശ്വസിച്ചവരാണ്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ പ്രേമികള്‍.സച്ചിനെയും കുംബ്ളെയെയും പോലുള്ള മാന്യരായ കളിക്കാരേയും ക്യാന്‍സര്‍ എന്ന മഹാവ്യാധിയുടെ  പിടിയില്‍ നിന്ന്‌ അത്ഭുതകരമായ അതിജീവനത്തിലൂടെ ക്രിക്കറ്റിലെക്ക്‌ തിരിച്ച്‌ വന്ന യുവരാജും കളിച്ച ഇന്ത്യന്‍ ടീമില്‍ ,എങ്ങനെയെങ്കിലൂം ജയിക്കണം എന്ന അവസ്ത കൊണ്ടു വരേണ്ട ആവശ്യമുണ്ടൊ?ഇത്രയും ശക്തമായ ഒരു ടീമില്‍ ജയിച്ചാലും തോറ്റാലും ഒരു 'കൂള്‍ ക്യാപ്റ്റനായി' നില്‍ക്കെണ്ട കടമയെ തല്‍ക്കാലം ധോണിക്കുള്ളൂ.എന്തായാലും സ്വന്തം ജോലിയൊടും മനസ്സാക്ഷിയോടും കൂറു പുലര്‍ത്തുന്ന ഈഡന്‍ ക്യൂരേറ്റര്‍ പ്രബീര്‍ മുഖര്‍ജീയെ പോലുള്ള അന്തസ്സുള്ള വ്യക്തികളെ അഭിനന്ദിക്കാന്‍ നമ്മള്‍ മറന്നു കൂടാ..

 വാല്‍കഷ്ണം:

ഗാംഗുലി ലോഡ്സില്‍ ഉടുപ്പൂരി കറക്കിയത്‌ മോശമായി പോയി അല്ലേ,ചേട്ടാ.. ?

നീ പോടാ കൊച്ചനേ,അന്തസ്സായി കളിച്ചു ജയിക്കുമ്പൊള്‍ ഉടുപ്പോ മുണ്ടോ ഷട്‌ടിയോ ഊരി കറക്കിക്കോട്ടെന്നെ..കാണണ്ടേല്‍ കണ്ണ്‌ ഇറുക്കിയടച്ചോ.. അല്ലാതെ എങ്ങനേലും ജയിച്ച്‌ കൂള്‍ ക്യാപ്റ്റനാകണോ?


Picture courtesy :Mr.Sathish Acharya ,cartoonistsatish.blogspot.in

Sunday 16 September 2012

ഒരു പണ്ഡിറ്റും കുറേ മണ്ടന്‍മാരും..

'നമ്മള്‍ തമ്മില്‍' എന്ന ജനകീയ പ്രോഗ്രാമിലെ അവതാരകനായി സന്തോഷ്‌ പണ്ഡിറ്റിനെ തിരഞ്ഞെടുക്കണമെന്നാണ്‌ എണ്റ്റെ അഭിപ്രായം..നമ്മുടെ ശ്രീകണ്ഠന്‍ നായരെയും ബ്രിട്ടാസ്സിനെയും നിഷ്പ്രഭരാക്കുന്ന സരസ്വതീ വിലാസവും അസഹിഷ്ണുതാ മനോഭാവവും സന്തോഷിനുണ്ട്‌. ഈ മഹാനുഭാവണ്റ്റെ തൊലിക്കട്ടിയും,ഒടുക്കത്തെ ഗാനാലാപനവും, പേയ്‌ പിടിച്ച പോലുള്ള ചേഷ്ടകളും കാണാന്‍ മലയാളി പ്രേക്ഷകര്‍ക്ക്‌ താല്‍പര്യമുണ്ടെന്ന്‌ പതുക്കെ പറഞ്ഞാല്‍ പോരാ എന്നു തോന്നുന്നു. ഒരിക്കല്‍ പോലും ഇത്തരം ചര്‍ച്ചകള്‍ കാണാന്‍ താല്‍പര്യമില്ലാത്തവര്‍ പോലും ഇപ്പൊള്‍ ഈ ദേഹത്തെ കാണാന്‍ മാത്രമായി ടെലിവിഷണ്റ്റെ മുന്നില്‍ ഇരിക്കാറുണ്ട്‌.മുഴുവന്‍ സമയവും ക്യാമറ ഫോക്കസ്‌ തന്നെ അദ്ദേഹത്തില്‍ മാത്രമാണ്‌.ബ്രിട്ടാസ്‌ വളരെ ശ്രമകരമായി മറ്റുള്ളവര്‍ക്ക്‌ സംസാരിയ്ക്കാന്‍ അവസരം കൊടുക്കാന്‍ നോക്കുന്നുണ്ടെങ്കിലും അവസാനം സന്തോഷിലെയ്ക്കു തന്നെ ക്യാമറ തിരിച്ചു പോകുന്ന അത്ഭുത കാഴ്ച്ച നമുക്കു കാണാന്‍ കഴിയും.അഞ്ച്‌ ലക്ഷം കൊണ്ടു സിനിമ പിടിക്കാനും സംവിധാനവും ഗാനരചനയും അഭിനയവുമുള്‍പ്പെടെ പത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ഒരു സിനിമയില്‍ എങ്ങനെയൊക്കെയൊ കൈകാര്യം ചെയ്യാന്‍ ധൈര്യം കാണിയ്ക്കുന്ന ഈ പ്രതിഭാസത്തില്‍ നിന്ന്‌ ചില കാര്യങ്ങള്‍ നമുക്കു പഠിക്കാനുണ്ടെന്നു തോന്നുന്നു.മിക്കപ്പോളും ഒരു തല പോയ കേസായി സന്തോഷ്‌ നമ്മളെ തോന്നിപ്പിക്കുമ്പോള്‍ പോലും ,പണ്ടൊരു ചര്‍ച്ചയില്‍ നമ്മുടെ അഡ്വ.ബാബുരാജിനെ പോലുള്ളവരോട്‌ നല്ല കൂളായി 'എല്ലാവര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന ഒരു ഹിറ്റ്‌ സിനിമ ചെയ്യാന്‍ നോക്കെടോ,വാചകമടിക്കാതെ' എന്നു പറയുന്നതു കേള്‍ക്കുമ്പോല്‍ ഇങ്ങേരു ഈ പറയുന്നതിലും എന്തൊക്കെയോ കാര്യമില്ലേ എന്നൊരു സംശയം തോന്നാം.അതു സ്വാഭാവികം.'എണ്റ്റെ പൈസ കൊണ്ടു ഞാന്‍ പിടിക്കുന്ന പടത്തില്‍ ഞാന്‍ ഇഷ്ടമുള്ളതു കാണിക്കും,താല്‍പര്യമുള്ളവര്‍ കണ്ടാല്‍ മതി, എന്നു സന്തോഷിനെ കൊണ്ടു പറയിക്കുന്നതും നമ്മള്‍ തന്നെ അല്ലേ എന്നൊരു സംശയം.പണ്ടു കാലത്ത്‌ എങ്ങനെയൊക്കെയൊ തട്ടിക്കൂട്ടുന്ന ഷക്കീലപ്പടങ്ങള്‍ സ്ഥിരമായി കണ്ടും വിജയിപ്പിച്ചും കോള്‍മയിര്‍ കൊണ്ടിരുന്ന മലയാളിയ്ക്ക്‌ എന്നാണ്‌ ഈ കലാമൂല്യബോധം ഉണ്ടായതെന്ന്‌ സന്തോഷ്‌ ചോദിച്ചാല്‍ നമുക്ക്‌ മറുപടിയുണ്ടോ??. ഏഷ്യാനെറ്റ്‌ പോലുള്ള ചാനലുകള്‍ സ്ഥിരമായി അദ്ദേഹത്തിനെ കൂട്ടു പിടിക്കുന്നതു തന്നെ സന്തോഷിണ്റ്റെ ഈ മാനറിസങ്ങളും നെഗറ്റീവ്‌ പബ്ളിസിറ്റിയും വിറ്റു കാശാക്കാനാണല്ലോ.അപ്പോള്‍ സന്തോഷിനു മാത്രമായി സൃഷ്ട്ടിക്കുന്ന ഈ ചര്‍ച്ചയിലൊക്കെ വന്നിരുന്ന്‌ ഈ മഹാനു വടി കൊടുത്ത്‌ അടി മേടിക്കുന്നവരൊടാണ്‌ നമ്മള്‍ക്ക്‌ സഹതാപം തോന്നേണ്ടത്‌.എന്തെങ്കിലുമൊക്കെ അങ്ങേരെ ചൊറിയാന്‍ പറഞ്ഞിട്ടു 'ഒരു മാതിരി വെറുതെ ഇരിക്കുന്ന ആസനത്തില്‍ ചുണ്ണാമ്പ്‌ തേച്ച അവസ്ഥയില്‍' ഇരിക്കുന്നവരെ കാണുമ്പൊള്‍ ഇവരൊക്കെയല്ലേ സന്തോഷിനെ സന്തോഷാക്കാന്‍ പ്രയത്നിക്കുന്നത്‌ എന്നൊരു സംശയം തോന്നാം.ആറു മാസം രാപ്പകലില്ലാതെ കഷ്ടപ്പെട്ടിറക്കിയ കലാസൃഷ്ടിയെ ഒന്നു കാണാന്‍ പോലും കൂട്ടാക്കാതെ എന്നെ കൊത്തി വലിക്കുന്ന കഴുകന്‍മാരല്ലേ നിങ്ങള്‍ എന്ന സന്തോഷിണ്റ്റെ രോദനവും കേള്‍ക്കാന്‍ കഴിഞ്ഞു.. ഇങ്ങനുള്ള നിരുപദ്രവകാരിയായ സന്തോഷുമാരെ യൂ റ്റ്യുബില്‍ കണ്ടു രസിയ്ക്കുന്നവരും വെള്ളമടിച്ചു തീയറ്ററില്‍ പോയി തെറി വിളിച്ചു സന്തോഷ്‌ സിനിമയെ ഉത്സവമാക്കുന്നവരുമല്ലേ കുറച്ചു കൂടി മിടുക്കന്‍മാര്‍??

ചിത്രത്തിനു കടപ്പാട്‌:ശ്രീ. അനുരാജ്‌

Sunday 24 June 2012

സ്പിരിറ്റ്‌..


സമകാലീന മലയാള സിനിമകളില്‍ നിന്ന്‌ വേറിട്ട്‌ നില്‍ക്കുന്ന സിനിമകളെയും നായകന്‍മാരെയും നമുക്ക്‌ സമ്മാനിയ്ക്കാന്‍ രഞ്ജിത്‌ എന്ന സംവിധായകനു കഴിഞ്ഞിട്ടുണ്ട്‌.അത്തരം സിനിമകളില്‍ കണ്ടിറങ്ങുന്ന പ്രേക്ഷകരെ ചിന്തിപ്പിയ്‌കുന്ന എന്തോ ഒന്ന്‌ രഞ്ജിത്‌ സിനിമകള്‍ ബാക്കി വയ്ക്കാറുണ്ട്‌.ആ സന്ദേശത്തെ അതേ സ്പിരിറ്റില്‍ ഉള്‍ക്കൊള്ളാനുള്ള കഴിവ്‌ പ്രേക്ഷകര്‍ക്കുണ്ടായാല്‍ ആ സിനിമ വിജയിച്ചു എന്ന്‌ പറയാം.'സ്പിരിറ്റ്‌' എന്ന മോഹന്‍ലാല്‍ ചിത്രം അത്തരത്തിലുള്ള ഒരു സമീപനമാണ്‌.മോഹന്‍ലാല്‍ എന്ന മഹാനടണ്റ്റെ അഭിനയമികവിനെ ചൂഷണം ചെയ്യുന്നതില്‍ രഞ്ജിത്‌ എന്ന തിരക്കഥാകൃത്തും സംവിധായകനും വിജയിച്ചിട്ടുണ്ട്‌.മദ്യത്തിണ്റ്റെ ഉന്‍മാദാവസ്ഥയില്‍ മുങ്ങിക്കുളിച്ചു നടക്കുന്ന രഘുനന്ദന്‍ എന്ന കഥാപാത്രത്തെ മനോഹരമായി മോഹന്‍ലാല്‍ അവതരിപ്പിച്ചിരിയ്ക്കുന്നു എന്നു നിസ്സംശയം പറയാം.അമിത മദ്യപാനം എന്ന സാമൂഹ്യ വിപത്തിനെ എല്ലാ ഫ്രെയിമുകളിലും ഉള്‍ക്കൊള്ളിച്ചു കഥ പറയാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്‌.ആരുടെയും ഉപദേശത്തിനു കൂട്ടാക്കാത്ത ഒരു കൂട്ടം മദ്യപാനികളുടെ ജീവിത പ്രശ്നങ്ങളും സമൂഹത്തിണ്റ്റെ വിവിധ തട്ടിലുള്ള മദ്യപാന കൂട്ടായ്മകളെ പറ്റിയും സിനിമ എടുത്ത്‌ കാട്ടുന്നു. മദ്യാസക്തി മൂലമുള്ള വ്യക്തികളുടെ മാനസിക പ്രശ്നങ്ങളേയും പെരുമാറ്റ വൈകല്യങ്ങളെയും രഘുനന്ദനിലൂടെ പ്രേക്ഷകരിലേയ്ക്കെത്തിയ്ക്കാന്‍ സിനിമയ്ക്കു കഴിയുന്നുണ്ട്‌.മദ്യത്തിനെതിരെ പോരാടിയ മഹാന്‍ 'ലിവര്‍ സീറോസിസ്‌' വന്നു മരിച്ച നാടായി നമ്മുടെ കേരളത്തിനെ രഘുനന്ദന്‍ തന്നെ വിശേഷിപ്പിയ്ക്കുന്നുണ്ട്‌. മദ്യപാനാസക്തിയില്‍ ഭാര്യയേയും കുട്ടിയെയും മര്‍ദ്ദിയ്ക്കുന്നയാളെ സ്വന്തം ഓഫീസില്‍ വിളിപ്പിച്ച്‌ ചെകിട്ടത്തടിയ്ക്കുകയും 'പൊലയാടീ മോനേ ഇനി അവരെ തൊട്ടാല്‍ ചവിട്ടികൂട്ടുമെടാ' എന്ന്‌ ഗര്‍ജ്ജിയ്ക്കുന്ന IPS സുന്ദരിയെയും(ലെന),മറ്റൊരാളുടെ കുഞ്ഞിനെ സ്വന്തം മകനെപ്പൊലെ സംരക്ഷിയ്ക്കുന്ന അച്ഛനെയും(ശങ്കര്‍ രാമകൃഷ്ണന്‍)പോലുള്ള കഥാപാത്രങ്ങല്‍ കൈയടി നേടുന്നുണ്ട്‌.നന്ദു,കല്‍പന,തിലകന്‍,സിദ്ധാര്‍ത്‌ ഭരതന്‍,മധു എന്നിവരും നല്ല അഭിനയം കാഴ്ച്ച വച്ചിട്ടുണ്ട്‌.റഫീക്‌ അഹമ്മദിണ്റ്റെ 'മഴ കൊണ്ട്‌' എന്ന ഗാനത്തിണ്റ്റെ വരികളും, ഷഹബാസ്‌ അമണ്റ്റെ സംഗീതവും നന്നായി. മികവുറ്റ ക്യാമറാ വര്‍ക്കിലൂടെ എല്ലാ ഫ്രെയ്മുകളും വേണു മനോഹരമാക്കിയിട്ടുണ്ടെന്ന് തന്നെ പറയാന്‍ സാധിയ്ക്കും.Docu-Fiction ആയി കഥ പറയുന്ന രീതിയാണ്‌ രണ്ടാം പകുതിയിലുള്ളത്‌.പ്രേക്ഷകനൊരു ഡോക്യുമെണ്റ്ററി കാണുന്ന അനുഭവം അതുണ്ടാക്കുന്നെങ്കിലും വിരസതയില്ലാതെ കൊണ്ടു പോകാന്‍ സംവിധായകനു കഴിഞ്ഞിട്ടുണ്ട്‌.പ്രീയപ്പെട്ട സുഹൃത്ത്‌ സ്വന്തം കണ്‍മുന്നില്‍ മദ്യപിച്ചു മരിയ്ക്കുമ്പോള്‍‘ Wine is a bottled poetryഎന്ന ബുദ്ധിജീവി സങ്കല്‍പത്തെ തണ്റ്റെ മദ്യപാനാസക്തിയുടെ ന്യായീകരണം മാത്രമായി തിരിച്ചറിഞ്ഞ്‌ അതിനെ എന്നെന്നേയ്ക്കുമായി തുടച്ചു നീക്കാന്‍ രഘുനന്ദന്‍ ശ്രമിയ്ക്കുന്നത്‌ സിനിമയില്‍ നന്നായി അവതരിപ്പിച്ചിരിയ്ക്കുന്നു.എല്ലാ നിയമങ്ങളേയും വെല്ലുവിളിച്ചു ജീവിയ്ക്കുന്ന മദ്യപാനിയായ രഘുനന്ദന്‍ മദ്യത്തൊടു തന്നെ വെറുപ്പുള്ള അവസ്ഥയിലെയ്ക്ക്‌ എത്തിപ്പെടുന്നതും ഒരു നല്ല അച്ഛനായി മാറുന്നതും നമുക്ക്‌ കാണാം.എന്തായാലും കുറച്ചു പേരെയെങ്കിലും തങ്ങളുടെ അമിത മദ്യപാനാസക്തിയെക്കുറിച്ച്‌ ഒന്നു ചിന്തിപ്പിയ്ക്കാന്‍ ഈ സിനിമയ്ക്കു കഴിയുമെന്ന്‌ തീര്‍ച്ചയാണ്‌.എന്തായാലും തീയറ്റര്‍ വിട്ടിറങ്ങുമ്പോള്‍ കേട്ട ഒരു പ്രേക്ഷക കമണ്റ്റ്‌ കൂടി പറയാം-'ഇതിലും വലിയ പെരുന്നാള്‍ വന്നിട്ട്‌ വാപ്പ പള്ളിയില്‍ പോയിട്ടില്ല..വാടാ അളിയാ,രണ്ടെണ്ണം അടിച്ചിട്ട്‌ വീട്ടില്‍ പോകാം'..
      എന്തായാലും സിനിമയുടെ സ്പിരിറ്റ്‌ ഉള്‍ക്കൊള്ളാന്‍ കുറച്ചു പേര്‍ക്കെങ്കിലും സാധിയ്ക്കട്ടെ എന്ന് പ്രത്യാശിയ്ക്കാം.എന്നാലത്‌ 'സ്പിരിറ്റ്‌' എന്ന സിനിമയുടെ വിജയമായിരിയ്‌കും..

Sunday 10 June 2012

ദൈവത്തിന്റെ ടാപ്പ്‌..


‘എടീ  ഒന്നിങ്ങു വന്നേ..കുഞ്ഞ്‌ അപ്പിയിട്ടെന്നു തോന്നുന്നു’..

വരുന്നൂ മനുഷ്യാ’-അടുക്കളയില് നിന്നും സുമയുടെ സ്വരം..

എന്നാല്പിന്നെ ഞാന്‍ തന്നെ കഴുകിക്കൊടുക്കാമെടീ’-രവി പിറുപിറുത്തു..

വന്നേടാ മോനെ,അച്ഛന്‍ കഴുകിത്തരാം’.

മുറ്റത്തെ ടാപ്പിന്റെ  മുന്നില്‍ തിരിച്ചു നിര്‍ത്തി അപ്പൂട്ടണ്റ്റെ ചന്തി കഴുകാന്‍ തുടങ്ങിയതും സുമയുടെ നിലവിളി കേട്ടു-‘അവിടെ കഴുകരുത് രവിയേട്ടാ’..

നീ പോടീ, എന്താ ഇവിടെ ചന്തി കഴുകിയാല്‌’?


അത് നിലവിളക്ക് കഴുകുന്ന ടാപ്പാ..ദൈവകോപം കിട്ടും’.കരച്ചിലോടെ സുമ പറഞ്ഞു.


നിലവിളക്ക് കഴുകുന്ന ടാപ്പോ,ഒന്നു പോടീ,ചന്തിയിത്രയും വില കുറഞ്ഞ സാധനമാണോ??കുഞ്ഞിനെ എടുത്തൊണ്ടു പോയെ നീ’..രവി പല്ലിറുമി..ദൈവത്തിനും ടാപ്പോ!!


സുമയുടെ ഏങ്ങലടി അപ്പോളേക്കും ഉച്ചസ്ഥായിയില് ആയിക്കഴിഞ്ഞിരുന്നു..മുറ്റം ചവിട്ടി മെതിച്ച് നടക്കുന്നതിനിടയില് രവി ഓര്‍ത്തു..സ്വസ്ഥത കളയാനായിട്ട് ഇപ്പോള് ദേ ഒരു ടാപ്പ്‌..അതും ദൈവത്തിന്‌..


ഇതാണ് പുതിയ വീട്ടില് ഒരു പൂജാമുറി പോലും വേണ്ടെന്നു വച്ചത്‌..പൂജാമുറിയെങ്ങാനും വച്ചാല് പിന്നെ സമാധാനം പോയതു തന്നെ..കുഞ്ഞ് അതിനു മുന്നില് മൂത്രം ഒഴിക്കാന്‍ പാടില്ല..മുറിക്കു മുന്നിലൂടെ ലുങ്കി മടക്കി കുത്തി നടക്കാന്‍ പാടില്ല..മീനും ഇറച്ചിയുടെയും മണം തീരെ പാടില്ല..ഇത്തരം ഭക്തി ഒരു രോഗമാണോ?? എങ്കില് തണ്റ്റെ ഭാര്യയുടെ പ്രശ്നം അതു തന്നെയാണ്‌..മുടിഞ്ഞ ഭക്തി കൊണ്ട്‌ തോറ്റു..

   തന്റെ  അച്ഛന്‍ സുകുമാരപിള്ള പണ്ടൊരു തുലാഭാരം  നേര്‍ന്നതിണ്റ്റെ ക്ഷീണം ഇതു വരെ മാറിയിട്ടില്ല..മകനായ ഞാന്‍ ജനിച്ചപ്പോള് ശര്‍ക്കര കൊണ്ട് ദേവിയ്ക്കൊരു തുലാഭാരം പിള്ളേച്ചന്‍ നേര്‍ന്നിരുന്നത്രെ..എന്നാല്‍ ശര്‍ക്കരയുടെ വില നിലവാരം അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഉയര്‍ന്നത്‌ കൊണ്ടും മകന്റെ  ഭാരം നാള്‍ക്കുനാള് കൂടി വരുന്നതു കൊണ്ടും സുകുമാരപിള്ളക്ക് തുലാഭാരത്തില് താല്പ്പര്യം നഷ്ടപ്പെട്ടെന്നാണ് കേട്ടു കേള്‍വി..വലിയ ദേവിഭക്തനായതിനാല് എളിയ ഭക്തണ്റ്റെ  അവിവേകം ദേവിയങ്ങു ക്ഷമിച്ചെയ്ക്കും എന്നു കരുതി ഇരിക്കുമ്പോളാണ് ഗതികേടിന് പിള്ളേച്ചന്‍ ഒരു ദുര്‍ബല നിമിഷത്തില്  കാര്യം മരുമകളോടു പറഞ്ഞത്‌..അതിനു ശേഷം ജഗപൊക,.പൊടിപൂരം!!!അതുവരെയുണ്ടായ എല്ലാ ആപത്തുകളും വിപത്തുകളും ദൈവകോപ സിദ്ധാന്തത്തിലൂടെ സുമ വിശകലനം ചെയ്തു..എന്തിനേറെ ഭര്‍ത്താവ്‌ തല തിരിഞ്ഞു പോയതിനു കാരണവും തുലാഭാരം നടത്താത്തതു കൊണ്ടാണെന്നു പ്രസ്താവനയിറക്കി..പ്രശ്ന പരിഹാരത്തിനും ഭര്‍ത്താവിണ്റ്റെ ഉന്നമനത്തിനുമായി മുപ്പതു തേങ്ങ വിവിധ അമ്പലങ്ങളിലായി ഉടച്ചു തീര്‍ത്തു..ഇതു പോരാഞ്ഞു പിള്ളേച്ചണ്റ്റെ ദോഷം തീര്‍ക്കാനായി അറുപതു തേങ്ങയും,എല്ലാമറിഞ്ഞിട്ടും ഒരാഴ്ച്ച തേങ്ങയുടയ്ക്കാന് ലേറ്റായതിണ്റ്റെ ക്ഷീണം തീര്‍ക്കാന്‍ ഒരു തേങ്ങയും കൂട്ടി തൊണ്ണൂറ്റി ഒന്നു തേങ്ങ ഉടച്ചപ്പോളാണത്രെ സുമയ്ക്കു സമാധാനം കിട്ടിയത്‌..ഇതെല്ലാം കണ്ട് ചിന്താകുലനായ പിള്ളേച്ചന്‍ മകണ്റ്റെ തിരിഞ്ഞ തല നേരെയാക്കാനും മരുമകളുടെ സമാധാനത്തിനും വേണ്ടി ഏറ്റവും അടുത്ത മുഹൂര്‍ത്തത്തില്‍ തന്നെ തുലാഭാരമങ്ങു നടത്തിയത്രെ.

   ടാപ്പില് ചന്തി കഴുകിയതിണ്റ്റെ ദോഷങ്ങളേയും പരിഹാരക്രിയകളേയും പറ്റിയാകും അടുത്ത മാസങ്ങളിലെ ചര്‍ച്ച..എണ്റ്റെ പൊന്നു ദേവീ..ഒരു പുതിയ ടാപ്പ് എന്തായാലും അടിയന്‍ വച്ചു തന്നിരിയ്ക്കും,ഉറപ്പ്‌..ജാഗ്വര്‍ കമ്പനിയുടെ ടാപ്പ് തന്നെ ഇരിയ്ക്കട്ടെ..സമാധാനമാണല്ലോ ഏറ്റവുംവലുത്‌'..ഹാര്ഡ്വെയര്‍ സ്റ്റോറിലേയ്ക്ക് നടക്കുമ്പോളെയ്ക്കും രവി ഓര്‍ത്തു..


Friday 13 April 2012

ഒരു കുരുന്ന്‌ ജീവന്‍ കൂടി..

രണ്ടു ദിവസം മുന്‍പുള്ള പത്രങ്ങളില്‍ കണ്ട ഒരു കുരുന്നിണ്റ്റെ മുഖം മനസ്സില്‍ നിന്ന്‌ എത്ര പറിച്ചെറിയാന്‍ നോക്കിയിട്ടും സാധിക്കാതതു കൊണ്ടാണ്‌ ഇങ്ങനെ ഒരു കുറിപ്പെഴുതാന്‍ തോന്നിയത്‌.സ്വന്തം അച്ഛനാല്‍ മര്‍ദ്ദിയ്ക്കപ്പെട്ട്‌' മരണമടഞ്ഞ 'അഫ്രീന്‍' എന്ന ആ കുഞ്ഞ്‌ പെണ്‍കുട്ടിയുടെ ചിത്രം അത്ര പെട്ടെന്നൊന്നും നമ്മള്‍ മറന്നു കൂടാ എന്ന്‌ തോന്നുന്നു..ഒരു പുരുഷന്‍ എത്ര ക്രൂരനായാലും സ്വന്തം ബീജത്തില്‍ പിറന്ന മൂന്നു മാസം പ്രായമായ കുഞ്ഞിനെ മര്‍ദ്ദിയ്ക്കാനുള്ള മനസ്സ്‌ വരുമൊ??അതും അതൊരു പെണ്‍കുട്ടി ആയതു കൊണ്ടു മാത്രം..ആ കുഞ്ഞിണ്റ്റെ ശരീരത്തില്‍ സിഗരറ്റ്‌ കൊണ്ട്‌ പൊള്ളിക്കാന്‍ തൊന്നുന്ന ആ ക്രൂരതയെ എങ്ങനെ നമുക്ക്‌ ഉള്‍ക്കൊള്ളാന്‍ കഴിയും?ഇങ്ങനെയുള്ളവനൊക്കെ 'പിതാവ്‌' എന്ന ആ സ്ഥാനം അര്‍ഹിയ്ക്കുന്നുണ്ടോ?ആ നിസ്സഹായായ അമ്മയ്ക്ക്‌ പത്ത്‌ മാസം ചുമന്ന്‌ പ്രസവിച്ച ആ കുരുന്നിണ്റ്റെ മുഖം ഇനി ജീവിതത്തില്‍ മറക്കാന്‍ പറ്റുമോ?ഒരു കുഞ്ഞിനെ ചുമരില്‍ അടിച്ച്‌ കൊലപ്പെടുത്താന്‍ തോന്നുന്ന ആ ക്രൂരത ചെയ്ത 'ഉമര്‍ ഫറൂക്‌' എന്ന ചെകുത്താന്‌ എന്ത്‌ ശിക്ഷ കൊടുത്താല്‍ മതിയാകും??ആണ്‍കുട്ടി പിറന്നപ്പോള്‍ 'ഞാന്‍ ഒരു പാടു തെറ്റൊന്നും ചെയ്തിട്ടില്ല,അത്‌ കൊണ്ട്‌ എനിയ്ക്ക്‌ ആണിനെ കിട്ടി' എന്ന്‌ വിളിച്ചു പറഞ്ഞു നടന്ന നല്ല വിദ്യാഭ്യാസമുള്ള ഒരു മാന്യനെ കാണാന്‍ എനിയ്ക്ക്‌ സാധിച്ചിട്ടുണ്ട്‌.ആതു പോലെ മകള്‍ ജനിയ്ക്കാനായി പ്രാര്‍ഥനയും വഴിപാടുമായി നടന്ന ഒരു പിതാവിനെ പറ്റിയും കേട്ടിട്ടുണ്ട്‌. ഒരു കാര്യത്തില്‍ നമ്മള്‍ മലയാളിയ്ക്ക്‌ അഭിമാനിയ്ക്കാം.എനിയ്ക്ക്‌ രണ്ടു പെണ്‍കുട്ടികളാണുള്ളതെന്ന്‌ അഭിമാനത്തൊടു കൂടി പറയുന്ന ഒരു പാട്‌ അച്ഛന്‍മാരെ നമുക്ക്‌ ഇവിടെ കാണാന്‍ കഴിയും..പെണ്‍കുട്ടിയെ സ്വന്തം മാറോടു ചേര്‍ത്ത്‌ വളര്‍ത്തുകയും അവള്‍ക്കൊരു വലിയ പനി വന്നപ്പൊള്‍ സ്വന്തം ഭാര്യയുടെയും മകണ്റ്റെയും മുന്നില്‍ കരഞ്ഞു പോയ ഒരു അച്ഛണ്റ്റെ മകനാണ്‌ ഞാനെന്ന്‌ എനിയ്ക്ക്‌ അഭിമാനത്തൊടു കൂടി പറയാം..അങ്ങനെയുള്ളവരേ പിതാവെന്ന സ്ഥാനം അര്‍ഹിയ്ക്കുന്നുള്ളൂ..

Thursday 5 April 2012

സോഫ്റ്റ്‌'വയറന്‍മാരും' കുറേ മരുന്നുകളും..

സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍മാരെ സോഫ്റ്റ്‌'വയറന്‍മാര്‍' എന്ന്‌ അറിയപ്പെട്ടു തുടങ്ങിയിട്ട്‌ കുറച്ചു നാളായി പോലും..എന്താ ഈ വയറ്‌ ഇങ്ങനെ സോഫ്റ്റ്‌ ആകാന്‍ കാരണം??പഠനകാലത്ത്‌ സ്പോര്‍ട്സ്‌,ഡാന്‍സ്‌,മതിലു ചാട്ടം,തെങ്ങു കയറല്‍,തല്ലുണ്ടാക്കല്‍ ഇങ്ങനെയുള്ള വ്യായാമമുറകളിലൊക്കെ പങ്കെടുത്തിരുന്ന സിക്സ്‌ പാക്ക്‌ സുന്ദരന്‍മാരും,ബിപാഷാ ഫിഗറുമായി നടന്ന സുന്ദരിമാരും സോഫ്റ്റ്‌വെയര്‍ ജോലിയൊക്കെ കിട്ടി കുറച്ചു നാളു കഴിയുമ്പോഴേയ്ക്കും വയറും ചാടി,മുടിയും കൊഴിഞ്ഞ്‌,നടുവും ഒടിഞ്ഞ്‌,ലൈംഗിക ശേഷിക്കുറവുമായി വയസ്സന്‍മാരും വയസ്സികളുമായി മാറുന്നു.എന്തേ ഇതിനു കാരണം??ജോലി ഭാരം മൂലമുള്ള കൂടുതല്‍ നേരമുള്ള ഇരുപ്പ്‌(=നടുവൊടിയല്‍),ടെന്‍ഷന്‍(=മുടി കൊഴിയല്‍),വ്യായാമക്കുറവ്‌(=വയറു ചാടല്‍),ഇതൊക്കെയാണ്‌ ഇതിനു കാരണം എന്ന്‌ വിവരമുള്ളവര്‍ പറഞ്ഞിട്ടുണ്ട്‌.നടു വേദനയുമായി ഡോക്ടറിണ്റ്റെയും വൈദ്യനേയും അടുത്തു പോകുന്ന ഹതഭാഗ്യന്‍മാര്‍ക്ക്‌ കേള്‍ക്കേണ്ടി വരുന്നത്‌,ഡിസ്ക്‌ ഹെര്‍ണിഷന്‍,സ്പോന്‍ഡുലൈറ്റിസ്‌,ലംബാര്‍ ലൊര്‍ഡോസിസ്‌ ഇങ്ങനെയുള്ള കടിച്ചാല്‍ പൊട്ടാത്ത പദപ്രയോഗങ്ങളാണ്‌.ഞെട്ടിത്തരിച്ച്‌ വലിയ ബില്ലുകളും,വേദന സംഹാരികളും,ഉഴിച്ചിലും പിഴിച്ചിലുമായി ശിഷ്ട ജീവിതം കഷ്ടം തന്നെ.ഈ അവസ്ഥയില്‍ നിന്ന്‌ രക്ഷപ്പെടാന്‍ ചില മാര്‍ഗങ്ങളും നമ്മുടെ ഭിഷഗ്വരന്‍മാര്‍ പറഞ്ഞു കൊടുക്കുന്നുണ്ട്‌.ഇരുപതു മിനിട്ട്‌ ഒരിടത്ത്‌ ഇരുന്ന്‌ ജോലി ചെയ്താല്‍ ബോസ്സല്ല, അവണ്റ്റെ അപ്പന്‍ ചൊറിഞ്ഞാലും ഒരു അഞ്ചു മിനിട്ട്‌ എഴുന്നേറ്റ്‌ നടക്കുക,പതിവായി വ്യായാമം ചെയ്യുക,കമ്പനിയ്ക്കു വേണ്ടി അമിതമായി കഷ്ട്ടപ്പെട്ട്‌ നടുവൊടിയ്ക്കുമ്പൊള്‍ ഇടക്ക്‌ സ്വന്തം കുടുംബത്തെ ഓര്‍ക്കുകയും 'എണ്റ്റെ നടുവൊടിഞ്ഞാല്‍ കമ്പനിക്കെന്താ കേട്‌'-എന്ന്‌ ഇടക്കിടയ്ക്ക്‌ ചിന്തിക്കുകയും ചെയ്യുക,ഇതെല്ലം വഴി നടുവൊടിയല്‍ ഒരു പരിധി വരെ മാറ്റി നിര്‍ത്താമത്രെ.അടുത്ത പ്രശ്നം തടി വയ്ക്കലും വയറു ചാടലുമാണ്‌.പ്രധാനമായും സ്ത്രീകളെ കേന്ദ്രീകരിച്ച്‌ ഫിഗര്‍ തൈലങ്ങളും,വയറു കുറയ്ക്കാനുള്ള ബെല്‍റ്റും മാര്‍ക്കറ്റില്‍ ലഭ്യമാണ്‌. ഫിഗര്‍ തൈലങ്ങള്‍ എന്നും രാവിലെയും രാത്രിയും തടിച്ച പ്രസക്ത ഭാഗങ്ങളില്‍ പുരട്ടി തടവിയാല്‍ കൊഴുപ്പ്‌ അലിഞ്ഞു പോകുമത്രെ.ഏതു വഴി പോകുമെന്ന്‌ ചോദിച്ചാല്‍ തൈലം വലിച്ചെടുത്ത്‌ അന്തരീക്ഷത്തിലൂടെ പുറത്തു കളയുമത്രെ.വൈദ്യുതി കൊടുത്ത്‌ ചൂടാക്കിയ ബെല്‍റ്റ്‌ ധരിച്ചാല്‍ കൊഴുപ്പ്‌ ഉരുക്കി കളയാമത്രെ.അങ്ങനെ വയറും തുടയും കുറഞ്ഞ്‌ ഫിഗര്‍ വച്ച നമ്മുടെ സുന്ദരിമാരായ നടിമാരെ പരസ്യങ്ങളില്‍ കണ്ട്‌ കോള്‍മയിര്‍ കൊള്ളുന്ന സ്ത്രീജനങ്ങള്‍,ഈ തൈലവും തടവി കാത്തിരിയ്ക്കുന്നു.കൊഴുപ്പ്‌ കുറഞ്ഞില്ലെലും തൈലം കുറയുന്നുണ്ടെന്ന്‌ പല ഭാഗങ്ങളില്‍ നിന്നും റിപ്പോര്‍ട്ട്‌ വരുന്നുണ്ട്‌.അടുത്ത പ്രശ്നം മുടി കൊഴിച്ചിലാണ്‌.മുടി വളരാനുള്ള എണ്ണകള്‍ ഇതിനായി പല പേരുകളിലും ലഭ്യമാണ്‌.ഇതില്‍ തന്നെ ചില എണ്ണകള്‍ കൈയ്യില്‍ പുരട്ടി തേയ്ക്കാന്‍ പാടില്ലത്രെ.ഉള്ളം കൈയില്‍ രോമം വളരും പോലും.അതു കൊണ്ട്‌ കൈയ്യുറകള്‍ ധരിച്ചു വേണമത്രെ ഇത്‌ തലയില്‍ തേച്ച്‌ പിടിപ്പിയ്ക്കാന്‍.ഇത്തരം വിവരമില്ലായ്മ പരത്തുന്നവരെ വെടി വച്ചു കൊല്ലാനുള്ള നിയമം കൊണ്ടു വരണമെന്ന്‌ വിവരമുള്ള ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നുണ്ട്‌.ആടുത്ത കാലത്തായി മലയാളിയുടെ ലൈംഗിക ശേഷിയ്ക്കും തകരാറുണ്ടെന്ന്‌ പരക്കെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്‌.ഏറ്റവും കൂടുതല്‍ ലൈംഗികോത്തേജന മരുന്നുകള്‍ വിറ്റഴിയുന്നത്‌ നമ്മുടെ കൊച്ചു കേരളത്തിലാണത്രെ.ഇത്‌ പ്രധാനമായും പുരുഷ കേസരികളെ കേന്ദ്രീകരിച്ച്‌ മാര്‍ക്കറ്റില്‍ ഇറങ്ങുന്നവയാണ്‌.ഗുളികകളും എണ്ണകളും ഇതിനായി ലഭ്യമാണത്രെ.ശേഷിക്കുറവും താല്‍പര്യമില്ലായ്മയും ഉത്തേജന മരുന്നുകളിലൂടെ പരിഹരിയ്ക്കുന്ന പുരുഷന്‍ കുതിരയെപ്പോലെ ഓടി വന്ന്‌ ഭാര്യയുടെ മേല്‍ ചാടി വീഴുന്ന പരസ്യങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ടല്ലോ.പിന്നെയുണ്ടാകുന്ന വലിയ കാട്ടു തീ, ഫയര്‍ ഫോഴ്സ്‌ വന്നാണത്രെ അണയ്ക്കുന്നത്‌.പാവം സ്ത്രീ ജനങ്ങള്‍,അവര്‍ക്കും വേണ്ടെ, ഉത്തേജനമൊക്കെ..സ്ത്രീ സംഘടനകളേ, നിങ്ങള്‍ ഇടപെടുക..എന്തായാലും ആഗ്രഹങ്ങളാണ്‌ മനുഷ്യനെ മുന്‍പോട്ട്‌ ജീവിയ്ക്കാന്‍ പ്രേരിപ്പിയ്ക്കുന്നതെന്ന സത്യം ഉള്‍ക്കൊണ്ട്‌ ഫിഗറു വരാനും,മുടി വളരാനും,ഉത്തേജനത്തിനുമുള്ള മരുന്നൊക്കെ പുരട്ടി നമുക്കു കാത്തിരിയ്ക്കാം, 'കോഴിയ്ക്കു മുല വരുന്നതും കാത്ത്‌'..പ്രത്യാശയുമായി..

Thursday 22 March 2012

പൂനത്തിണ്റ്റെ വാക്കും പഴയ ചാക്കും..

'പൂനം പാണ്ഡെ' എന്ന പേര്‌ അറിയാത്തവനായി ഇപ്പൊള്‍ ഇന്ത്യാ മഹാരാജ്യത്തില്‍ ആണൊരുത്തന്‍ ഇല്ല എന്നു തൊന്നുന്നു..അത്ര കണ്ട്‌ ഹിറ്റായിരിക്കുന്നു പൂനം ചേച്ചി..ഇന്ത്യ,ക്രിക്കറ്റ്‌ ലോകകപ്പ്‌ നെടുകയാണെങ്കില്‍ തുണിയും ഊരിഞ്ഞെറിഞ്ഞ്‌ പിറന്ന സ്യൂട്ടില്‍ എന്‍ എച്ച്‌ തോറും ഓടുമെന്നൊക്കെ പറഞ്ഞ്‌, വീട്ടില്‍ ഇരുന്നു കളി കണ്ടിരുന്ന പാവം ചെക്കന്‍മാരെയല്ലിയൊ, പുള്ളിക്കാരത്തി വെറുതെ ഇളക്കി വിട്ടത്‌..'സെല്‍ഫ്‌ മാര്‍ക്കറ്റിംഗ്‌ 'എന്ന പൂനാമണിയുടെ ലക്ഷ്യത്തിനായി കൂട്ടു പിടിച്ചതോ,എത്ര വലിയ ടീമിണ്റ്റെ കൂടെ വേണെലും ജയിക്കാനും ചെറിയ ടീമിണ്റ്റെ കൂടെ തോല്‍ക്കാനും ലവലേശം മടിയില്ലാത്ത നമ്മുടെ ഇന്ത്യന്‍ ടീമിനെയും.എന്തായാലും നമ്മുടെ ചുണക്കുട്ടന്‍മാര്‍ ക്രിക്കറ്റ്‌ ലോകകപ്പ്‌ നേടുമെന്ന്‌ പൂനം ചേച്ചി സ്വപ്നത്തില്‍ പോലും വിചാരിച്ചു കാണില്ല എന്നു തീര്‍ച്ച.ജയിച്ചപ്പൊള്‍ ചേച്ചി 'കാണിക്കാനുള്ളതൊക്കെ പിന്നെ കാണിച്ചു തരാം' എന്നും പറഞ്ഞ്‌ നൈസായി തടി തപ്പിയത്രെ.പിന്നൊരു കാര്യം,എന്തേലും കാണിച്ചു തരാമോ എന്ന്‌ നമ്മളാരും ചോദിച്ചില്ലല്ലൊ,അല്ലേ??അപ്പോ ഇങ്ങൊട്ട്‌ മധുര വാഗ്ദാനങ്ങളും തന്നിട്ട്‌ കാര്യത്തൊട്‌ അടുക്കുമ്പൊള്‍ ഒരു മാതിരി രാഷ്ട്രീയക്കാരെ പോലെ..ഛെ,കഷ്ടമായി പോയി..യുവരാജ്‌ സിങ്ങിണ്റ്റെയും സച്ചിണ്റ്റെയും മികവില്‍ ജയിച്ചു കേറി വന്ന ഇന്ത്യന്‍ ടീം ഒന്നു ഉഷാറായത്‌ പൂനാമണിയുടെ 'ഫ്രീ ഷോ' വാഗ്ദാനത്തൊടെയാണെന്നാണ്‌ കേട്ടു കെള്‍വി.അതു വരെ ആണ്ടിലും ആവണിയ്ക്കും മാത്രം ഫോം ആയിക്കൊണ്ടിരുന്ന ഇന്ത്യന്‍ ക്യാപ്ടന്‍ പോലും ശ്രീലങ്കന്‍ ബൌളര്‍മാരെ തല്ലി തകര്‍ത്തു കളഞ്ഞത്‌ നമ്മള്‍ കണ്ടല്ലോ..ഇതെല്ലാം കഴിഞ്ഞ്‌ കുളിച്ചൊരുങ്ങി വന്ന്‌ സീന്‍ കാണാനിരുന്നപ്പോളല്ലേ പാവങ്ങളെ പൂനാമണി പുല്ലു പോലെ തേച്ചിട്ടു പൊയത്‌. ഇതൊരുമാതിരി ഉണ്ണാന്‍ വിളിച്ചിട്ട്‌,ചോറില്ലെന്നു പറഞ്ഞ പൊലെ ആയിപ്പോയി,കേട്ടൊ..അതിനു ശേഷം ഒളിവില്‍ പോയ പൂനം ചേച്ചി വീണ്ടും ഏഷ്യാ കപ്പോടെ വീണ്ടും രംഗത്തെത്തിയിരിയ്ക്കുന്നുവത്രെ..വിരാട്‌ കൊഹ്‌ലിയുടെ അത്ഭുത ബാറ്റിംഗ്‌ പ്രകടനത്തിനു ശേഷം പൂനം ചേച്ചി തണ്റ്റെ അരികും മൂലയുമൊക്കെ കാണിച്ച്‌ ഒരു കിടപ്പു കിടന്നത്രെ..അതും പോരാഞ്ഞ്‌ 'ഇതെല്ലാം വിരാടനു വേണ്ടി' എന്ന്‌ റ്റ്വിറ്ററില്‍ കൂടി ചിലച്ചത്രെ..ഇപ്പൊള്‍ ആര്‍ക്കു കാണണം,അരികും മൂലയുമൊക്കെ,ഇവള്‍ക്കൊന്ന്‌ എഴുന്നേറ്റു പൊയ്ക്കൂടെ,എന്നാണത്രെ പൊതു ജനാഭിപ്രായം..ഇരുന്നിരുന്ന്‌ കാണിച്ചു കൊടുത്തപ്പൊള്‍ ആര്‍ക്കും കാണണ്ടാ പോലും,പാവം പൂനാമണി..
               ഇത്തരം പൂനം പാണ്ഡെമാരോട്‌ നമുക്കൊന്നേ പറയാനുള്ളൂ,ആള്‍ക്കാരെ വടിയാക്കുന്ന ഇത്തരം തറപ്പരിപാടിക്കിറങ്ങാതെ കുറച്ചൊക്കെ കഷ്ടപ്പെട്ട്‌ പ്രശസ്തിയുണ്ടാക്കാന്‍ നോക്ക്‌..എന്തേലുമൊക്കെ കാണാന്‍ ആഗ്രഹമുള്ളവര്‍ എങ്ങനേലും കാശു മുടക്കി കണ്ടൊളുമെന്നേ..
 Picture courtesy bollyguide.com

Sunday 18 March 2012

അവണ്റ്റെ ഒടുക്കത്തെ ബിരിയാണി..

ഗോവിന്ദചാമി ബിരിയാണി സമരത്തില്‍..ബിരിയാണി കൊടുത്തില്ലേല്‍ പട്ടിണി കിടന്ന്‌ ചാകും പോലും..അതു മാത്രമോ,കണ്ണൂര്‍ ജയിലിലെ സൌകര്യം പോരാഞ്ഞ്‌ പൂജപ്പുരയില്‍ മുറി വേണമത്രെ..ഇതൊക്കെ പോരാഞ്ഞ്‌ ജയില്‍ മുറിയിലെ ക്യാമറയും തകര്‍ത്ത്‌,വെള്ളം കുടിക്കാന്‍ കൊടുത്ത പാത്രത്തില്‍ മൂത്രവും ഒഴിച്ചു പൊലീസേമാന്‍മാരുടെ മുഖത്തെറിഞ്ഞത്രെ..എന്തെ നമ്മുടെ പൊലിസ്‌ ഇങ്ങനെ??പോക്കറ്റടിക്കാരനെ മൂത്രം കുടിപ്പിച്ചും മലം തീറ്റിച്ചും രസിയ്ക്കുന്ന നമ്മുടെ ഏമാന്‍മാരുടെ ലീലാവിലാസങ്ങള്‍ എവിടെ പോയ്‌ മറഞ്ഞു?ഇവനെയൊന്നു പീഡിപ്പിയ്ക്കാന്‍ ഇവിടാരുമില്ലേ?ഇവനെന്താ മൂത്രം കുടിപ്പിച്ചാല്‍ കുടിയ്കത്തില്ലെ??ഒന്നു നിര്‍ബന്ധിച്ചു നൊക്കാമല്ലോ? ഇങ്ങനെ പൊകുന്നു നാട്ടുകാരുടെ ന്യായമായ സംശയങ്ങള്‍..പാവപ്പെട്ട കള്ളന്‌ ജട്ടിയും ചാമിക്ക്‌ ബെര്‍മുഡയും..എന്താ ഇവണ്റ്റെ ബെര്‍മുഡാ ട്രയാങ്കിളിനു ഒരു ചവിട്ടു കൊടുത്താല്‍ ഇവന്‍ ജട്ടി ഇടില്ലേ??ലുങ്കിയില്‍ കെട്ടി തൂങ്ങി ചാവാതിരിയ്ക്കാന്‍ ബെര്‍മുഡ കൊടുത്തതാണെന്ന്‌ പോലീസ്‌ ഭാഷ്യം..ഇവനൊക്കെ ചത്തു പോയാല്‌ പിന്നെ പാവപ്പെട്ട പൊലീസിനാണല്ലൊ പുലിവാല്‌..എന്തായാലും ഇപ്പോള്‍ ചാമി ഒന്നു കൊഴുത്തിട്ടുണ്ടത്രെ..നമ്മുടെ കേരളാ പോലീസിണ്റ്റെ കയ്യില്‍ കിട്ടിയാല്‍ ആരും കൊഴുത്തു പോകുമെന്നും,അതു വെറും കൊഴുപ്പല്ല,ഇടി കൊണ്ടു പഴുത്തതാണെന്നും ജനസംസാരമുണ്ട്‌.ഇനിയവന്‌ മട്ടണും ബിരിയാണിയും വേണം പൊലും.."അരിയും തിന്ന്‌ ആശാരിച്ചിയേയും കടിച്ചിട്ടും പട്ടിക്കാണത്രെ മുറുമുറുപ്പ്‌'.പ്രീയ പട്ടികളേ,നിങ്ങള്‍ ക്ഷമിയ്ക്കുക..തമിഴണ്റ്റെ പ്രമുഖപത്രമായ ദിനമലരില്‍ ഒരു പ്രത്യേക ലേഖകന്‍ , ചാമിയെന്ന കുഞ്ഞാടിനെ വധശിക്ഷയ്ക്കു വിധിച്ചത്‌ മനുഷ്യാവകാശ ലംഘനമാണെന്ന് പ്രസ്താവനയിറക്കിയത്രെ..സ്വന്തം അമ്മ പെങ്ങന്‍മാരെയും ഭാര്യയെയും മകളെയും ഇത്തരം ചാമിമാര്‍ക്കു കൂട്ടിക്കൊടുക്കാന്‍ മടിയില്ലാത്ത ഈ പ്രത്യേക ലേഖകണ്റ്റെ ആത്മരോക്ഷം പ്രസിദ്ധീകരിച്ച ദിനമലര്‍ ഒരു ടൊയ്ലെറ്റ്‌ ടിഷ്യുവായി അധ:പതിച്ചിരിയ്ക്കുന്നുവെന്നു തോന്നുന്നു..ചിന്താശേഷിയുള്ള തമിഴ്‌ സഹോദരങ്ങളേ,നിങ്ങളെങ്കിലും പ്രതിഷേധിക്കുക.നാളെ ഇതു നിങ്ങള്‍ക്കും സംഭവിയ്ക്കാം..എന്തായാലും നമ്മുടെയൊക്കെ നെഞ്ചിലെ വേദനയായി മാറിയ ആ പാവം പെണ്‍കുട്ടിയോട്‌ എന്തെങ്കിലും കരുണയുണ്ടെങ്കില്‍ പ്രീയ പോലീസ്‌ സുഹൃത്തുക്കളേ,പഴയ മൂന്നാം മുറയും പച്ച ഈര്‍ക്കിലി പ്രയോഗവുമൊക്കെ പുതിയ തലമുറയ്ക്കു പകര്‍ന്നു കൊടുക്കാന്‍ ഇത്തരം ചാമിമാരെ ഉപയോഗപ്പെടുത്തുക..കേരള ജനത എന്നും നിങ്ങളുടെ കൂടെയുണ്ടാകും..

ചിത്രത്തിനു കടപ്പാട്‌: ശ്രീ ജയരാജ്‌ ടി. ജി ,രാഷ്ട്രദീപിക

Thursday 15 March 2012

മായാവതീ,നിങ്ങളൊന്നു പോയാ മതീ..

 ഉത്തര്‍പ്രദേശത്തിനു ബഹന്‍ജീയില്‍ നിന്നും,  കല്ലാനകളില്‍ നിന്നും മോചനം.. ഇനി യാദവ കാലം.38 വയസ്സുകാരനായ അഖിലേഷ്‌ യാദവ്‌ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി ആയിരിയ്ക്കുന്നു.രാഹുലണ്റ്റെ ഗ്ളാമറില്ലേലെന്താ,കളിയില്‍ ഒരല്‍പം മൂപ്പ്‌ തനിയ്ക്കാണെന്ന്‌ യാദവന്‍ തെളിയിച്ചു.സ്വന്തം ചിഹ്നമായ സൈക്കിളും ചവിട്ടി,മായമ്മയുടെ ആനകളെയും വീഴ്ത്തി,യാദവന്‍ താനൊരു ആണ്‍കുട്ടിയാണെന്നു തെളിയിച്ചു.'മത്തന്‍ കുത്തിയാല്‍ കുമ്പളം മുളയ്കില്ല' എന്നാണല്ലൊ ചൊല്ല്..മുലായമിണ്റ്റെ മോനൊടാ കളി.. ഉത്തര്‍പ്രദേശത്തിണ്റ്റെ പാറ പെറുക്കി ബഹന്‍ജീയ്ക്കിനി തണ്റ്റെ തന്നെ പാര്‍ക്കുകളില്‍ ശിഷ്ടകാലം കാറ്റും കൊണ്ട്‌ കപ്പലണ്ടി തിന്നിരിയ്ക്കാം.ഗവണ്‍മെണ്റ്റിണ്റ്റെ പണം പുട്ടടിച്ച്‌ നിര്‍മിച്ച ആനപ്രതിമകളെയും,തണ്റ്റെ തന്നെ കാക്ക തൂറിയ കല്‍പ്രതിമകളെയും നോക്കി അടുത്ത കുറച്ചു വര്‍ഷം സുഖമായി തള്ളി നീക്കാം.എന്തായാലും പ്രതിമകള്‍ തകര്‍ക്കാന്‍ താനില്ലെന്നും,ശിഷ്ടകാലം മായമ്മച്ചിയ്ക്കു അയവിറക്കിയിരിക്കാന്‍ അതു നില നിര്‍ത്തുമെന്നും യാദവന്‍ പറഞ്ഞത്രെ..പുതിയ കണക്കുകള്‍ പ്രകാരം തുശ്ചമായ 111  കോടിയുടെ സ്വത്തും,വെറും 380 കാരറ്റ്‌ വജ്രാഭരണങ്ങളും,ഒരു കിലോഗ്രാം സ്വര്‍ണവും,ഡെല്‍ഹി ജംഗ്ഷനില്‍ രണ്ടു മുറി മാടക്കടയും,62 കോടിയുടെ ചെറ്റപ്പുരയും, 9 ലക്ഷത്തിണ്റ്റെ ഏറ്റവും ചെറിയ ഒരു ഡിന്നര്‍ സെറ്റും മാത്രം സ്വന്തമായുള്ള വേദനിയ്ക്കുന്ന ഈ പാവം കോടീശ്വരിയ്ക്കു ഇനി കുറച്ചുകാലം ധൈര്യമായി ചൊറിഞ്ഞൊണ്ടിരിയ്ക്കാമെന്നാണു പൊതുജന സംസാരം.വൊട്ടര്‍മാരായാല്‍ ഇങ്ങനെ വേണം,പൊതു ജനം കഴുതകളല്ലെന്ന്‌ ഒരിക്കല്‍ കൂടി തെളിയിച്ചു കൊടുത്തല്ലൊ.ഇത്തരം മായമ്മമാര്‍ക്കൊരു ചെറിയ മലയാളി ഉപദേശം 'കൊടുത്താല്‍ കൊല്ലത്തും കിട്ടുമെണ്റ്റമ്മച്ചീ,ഓര്‍മ്മയിരിയ്ക്കട്ടെ..

Wednesday 7 March 2012

കുടിയന്‍മാരേ നിങ്ങള്‍ക്കുണ്ട്‌ KSRTC..


രണ്ടെണ്ണം അടിച്ച്‌ മധുര സ്വപ്നങ്ങളും കണ്ട്‌ സുഖമായി ട്രെയിനില്‍ സഞ്ചരിച്ചിരുന്ന മലയാളി കുടിയന്‍മാര്‍ക്ക്‌ വീണ്ടും നിരാശയുടെ നാളുകള്‍..രണ്ട്‌ ടിക്കറ്റ്‌ എക്സാമിനര്‍മാരും ഒരു ഗവണ്‍മണ്റ്റ്‌ ഉദ്യോഗസ്ഥനും കൂടി തകത്തു കളഞ്ഞത്‌ ഒരു വലിയ ജനവിഭാഗത്തിണ്റ്റെ സ്വപ്നങ്ങളായിരുന്നു.'ഓണം വന്നാലും ഉണ്ണി പിറന്നാലും കുടിയനു കുമ്പിളില്‍ തന്നെ കഞ്ഞി' എന്നാണത്രെ പുതിയ ചൊല്ല്‌.മദ്യപിച്ച്‌ വീട്ടിലെത്തിയാല്‍ ഭാര്യയുടെ ആട്ടും തുപ്പും,വഴിയില്‍ കിടന്നാല്‍ നായയുടെ ശല്യം,ട്രെയിനില്‍ കേറാമെന്നു വച്ചാല്‍ ഊത്തു മെഷീനുമായി പോലീസ്‌,ഇനി സ്വന്തം വണ്ടിയില്‍ പോയാലോ,കുടിച്ച കള്ളിണ്റ്റെ അളവനുസരിച്ച്‌ 10000 രൂപാ വരെ പിഴയും 4 വര്‍ഷം വരെ ഏമാന്‍മാരുടെ വക തടവും.സൈക്കിളൊടിച്ചു പൊകാമെന്ന്‌ വച്ചാല്‍ അടിച്ചടിച്ച്‌ കൂമ്പ്‌ കരിഞ്ഞു പോയതു കാരണം,പഴയ പോലെ നിശ്ചലാവസ്ഥയിലിരിക്കുന്ന സൈക്കിളിണ്റ്റെ ജഡത്വത്തെ തരണം ചെയ്യാനുള്ള ആമ്പിയറുമില്ല, ബാലന്‍സാണേല്‍ പണ്ടേയില്ല..പുതിയ കുടിയ വിരുദ്ധ നിയമം നടപ്പില്‍ വന്നതിനു ശേഷം കേരളത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കറ്റ്‌ 'മന്ദന്‍ പയലുകള്‍' എന്ന്‌ കുടിയന്‍മാരാല്‍ അറിയപ്പെടുന്ന കുടിയ്ക്കാത്ത പൌരന്‍മാര്‍ക്കാണത്രെ.ബോറന്‍മാരാണേലും വല്ല കപ്പലണ്ടിയും കൊറിച്ച്‌ ബാറില്‍ ഇരിയ്ക്കുകയും നന്നായി വണ്ടിയോടിയ്‌കുകയും ചെയ്യുന്ന ഈ വര്‍ഗ്ഗത്തിണ്റ്റെ സാന്നിധ്യം ,കേസിലും തടവിലും പിഴയിലും പെടാതെ വീടുകളില്‍ എത്തിപ്പെടാന്‍ വലിയ കുടിയന്‍മാര്‍ക്ക്‌ സഹായകരമാകുന്നുണ്ടത്രെ..ട്രെയിനിനു വേണ്ടെങ്കിലും KSRTC ക്കു ഞങ്ങളെ വേണമെന്നുള്ളത്‌ കുടിയന്‍മാര്‍ക്ക്‌ ആശ്വാസത്തിനു വക നല്‍കുന്നു.പതിവായി സീസണ്‍ എടുത്ത്‌ ട്രെയിനില്‍ സഞ്ചരിരിച്ചിരുന്ന മദ്യപാനികള്‍ സീസണൊക്കെ വലിച്ചെറിഞ്ഞ്‌ ആനവണ്ടിയെ അഭയം പ്രാപിച്ചിരിക്കുകയാണ്‌.KSRTC വണ്ടിയില്‍ പാമ്പുകള്‍ സ്ഥിരമായി കയറുകയും വാളും,ഉറുമിയും വീശുന്നതായും പരക്കെ റിപ്പൊര്‍ട്ട്‌ ചെയ്യുന്നുണ്ട്‌. വാളും,ഉറുമിയും തലയറുക്കാതിരിക്കാന്‍ പരിചയും ഹെല്‍മറ്റും സ്ത്രീകള്‍ക്കു പടച്ചട്ടയും KSRTC വണ്ടിയില്‍ നിര്‍ബന്ധമാക്കാന്‍ ആലോചനയുണ്ടത്രെ.അത്യുച്ചത്തില്‍  തെറി വിളിയ്‌കുന്ന കുടിയന്‍മാരുടെ കോണ്‍സണ്റ്റ്രേഷന്‍ കളയാന്‍ എഫ്‌ എം ചളുവും ആനവണ്ടിയില്‍ നിര്‍ബന്ധമാക്കുമത്രെ..
 പൊതുജന സമക്ഷം അഖില കെരളാ മദ്യപാനി അസോസിയേഷണ്റ്റെ അപേക്ഷ:
പ്രീയപ്പെട്ട അമ്മ പെങ്ങന്‍മാരെ,ശല്യപ്പെടുത്തുന്നതു പോയിട്ട്‌ സ്ത്രീകളുടെ മുഖത്തു പൊലും ഞങ്ങളിനി നോക്കില്ല,അമ്മച്ചിയാണെ സത്യം..ദയവായി മനസ്സമാധാനത്തൊടു കൂടി കുടിച്ചു മരിയ്ക്കാന്‍ അനുവദിക്കണം.KSRTC യിലെങ്കിലും ഞങ്ങളെ നിരോധിയ്ക്കല്ലെ,പ്ളീസ്‌..

Sunday 4 March 2012

ഈ അടുത്ത കാലത്ത്‌ ..

സൂപ്പര്‍ താര പൊലിമയും പതിവു മലയാള സിനിമാ ചേരുവകളും ഇല്ലാത്ത ഒരു വ്യത്യസ്ത ചിത്രം... 'ഈ അടുത്ത കാലത്ത്‌' എന്ന അരുണ്‍ കുമാര്‍ അരവിന്ദ്‌ സംവിധാനവും മുരളി ഗോപി തിരക്കഥയും ചെയ്ത ഒരു ചെറിയ സിനിമ , മലയാള സിനിമയുടെ അടുത്ത കാലത്തുണ്ടായ ആഖ്യാന മാറ്റത്തിണ്റ്റെ ഒരു ഉത്തമ ഉദാഹരണം തന്നെയാണ്‌.മലയാള സിനിമാ ചരിത്രത്തിണ്റ്റെ സുവര്‍ണ കാലമായിരുന്ന എണ്‍പതുകളുടെ അവസാനവും തൊണ്ണൂറു കാലഘട്ടവും നോക്കുകയാണെങ്കില്‍ നമുക്കൊരു വെറിട്ട ആഖ്യാന രീതി കാണാന്‍ കഴിഞ്ഞത്‌ മഴയായും ഗന്ധര്‍വനായും മുന്തിരി വള്ളികളായും നമ്മളിലേയ്ക്കു പടര്‍ന്നു കയറിയ പത്മരാജന്‍ എന്ന ജീനിയസ്സിണ്റ്റെ ചിത്രങ്ങളിലായിരുന്നു.കഥ പറഞ്ഞു പറഞ്ഞു കൊടുത്ത്‌ തന്നെ ഒരു കഥ പറച്ചിലുകാരനാക്കിയ പത്മരാജന്‍ പറയാറുള്ള ആ അമ്മയെപ്പൊലെ,മുരളി ഗോപി എന്ന തിരക്കഥാകൃത്തിനും പൈതൃക ഗുണം കിട്ടിയിരിക്കാം. ഒരു കെട്ടുറപ്പുള്ള തിരക്കഥയുടെ മുന്‍തൂക്കം ഈ ചിത്രത്തില്‍ നമുക്കു കാണാന്‍ കഴിയുന്നുണ്ട്‌.അരുണ്‍ കുമാര്‍ അരവിന്ദ്‌ എന്ന സംവിധായകന്‍ രണ്ടാമത്തെ ചിത്രത്തിലൂടെ തണ്റ്റെ പ്രതിഭ ശരി വയ്ക്കുന്ന പ്രകടനം കാഴ്ച വച്ചിരിക്കുകയാണ്‌.ആറു വശങ്ങളുള്ള ഒരു റുബിക്‌ ക്യൂബ്‌ പോലെ ജീവിതത്തിണ്റ്റെ നാനാ തുറകളിലുള്ള ആറു വ്യക്തികളുടെ ജീവിതം ഈ പുതു തലമുറ ചിത്രം എടുത്തു കാട്ടുന്നുണ്ട്‌.'ജീവിതം ഒരു റുബിക്‌ ക്യൂബ്‌ പോലെയാണ്‌.എണ്ണമറ്റ ട്വിസ്റ്റുകളുണ്ടാകും അതില്‍.ഒരിക്കല്‍ അതു ശരിയായ രൂപത്തില്‍ എത്തിയാല്‍ ഏതു വശത്തു നിന്നു നോക്കിയാലും അതിനു പൂര്‍ണ രൂപം കൈ വന്നിരിക്കും'.ഈ വരികളെ ഉള്‍ക്കൊള്ളിച്ചു കൊണ്ട്‌ പ്രേക്ഷകരെ വ്യത്യസ്ത ആസ്വാദന തലത്തിലേക്ക്‌ എത്തിക്കുവാന്‍ സിനിമയ്ക്കു കഴിയുന്നു.ഒരു വലിയ കഥാബീജമുള്ള സിനിമയേ നല്ല സിനിമയാകൂ എന്ന മലയാളിയുടെ സ്ഥിരം പല്ലവിയെ അവഗണിച്ചു കൊണ്ടു തീര്‍ത്തും പുതു തലമുറക്കു ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ചെറിയ ജീവിത സന്ദര്‍ഭങ്ങളെ കൊര്‍ത്തിണക്കി ഒരു ത്രില്ലര്‍ നമുക്കു സമ്മാനിക്കുവാന്‍ സംവിധായകനു കഴിഞ്ഞിട്ടുണ്ട്‌.ജീവിക്കാന്‍ വേണ്ടി പല വേഷവും കെട്ടിയാടുന്ന വിഷ്‌ണു എന്ന സാധരണക്കാരന്‍(ഇന്ദ്രജിത്ത്‌),ഭര്‍ത്താവിണ്റ്റെ വരുമാന മാര്‍ഗങ്ങളില്‍ തൃപ്തയല്ലാത്ത ഭാര്യ രമണി(മൈഥിലി),സമൂഹത്തില്‍ ഉന്നതനായ ആശുപത്രി ഉടമയും എന്നാല്‍ കുടുംബ ജീവിതത്തില്‍ മാനസിക-ലൈംഗിക വൈകല്യങ്ങള്‍ പ്രകടിപ്പിക്കുന്ന അജയ്‌ കുര്യന്‍(മുരളി ഗോപി),ഭര്‍ത്താവില്‍ നിന്നും മാനസികവും ശാരീരികവുമായ ഒരു സംതൃപ്തിയും കിട്ടാത്ത  അജയ്‌ കുര്യണ്റ്റെ സുന്ദരിയായ ഭാര്യ മാധുരി(തനുശ്രീ ഘോഷ്‌).അവളെ കെണിയില്‍ വീഴ്ത്താന്‍ വലയും വിരിച്ചിരിക്കുന്ന രുസ്തം(നിഷാന്‍),തണ്റ്റെ വ്യക്തിത്വത്തിനു അമിത പ്രാധാന്യം കൊടുക്കുന്ന സിറ്റി പോലീസ്‌ കമ്മീഷണര്‍ ടോം ചെറിയാന്‍ (അനൂപ്‌ മേനോന്) എന്നിവരുടെ സമാന്തര ജീവിതങ്ങളും അവരുടെ ആകസ്മിക ബന്ധപ്പെടലുകള്‍ ഉണ്ടാക്കുന്ന സസ്പെന്‍സ്‌ നിറഞ്ഞ മുഹൂര്‍ത്തങ്ങളിലൂടെ സിനിമ മുന്നോട്ട്‌ പോകുന്നു.തങ്ങളുടെ വേഷങ്ങള്‍ ഇന്ദ്രജിത്തും,മുരളി ഗോപിയും,നിഷാനും മികച്ചതാക്കി.വാട്സണ്‍ എന്ന ഗുണ്ട വേഷം ചെയ്ത ബൈജുവിണ്റ്റെ പ്രകടനവും നന്നായി.പിന്നെ എടുത്തു പറയേണ്ട ഒരു കാര്യം ആദ്യ പകുതി കഥാ പാത്രങ്ങളുടെ പരിചയപ്പെടുത്തലുകളിലൂടെ നീണ്ടു പൊയി, എന്നാല്‍ പോലും പ്രേക്ഷകരെ പിടിച്ചിരുത്താനും തണ്റ്റെ തന്നെ ചിത്രസന്നിവേശ മികവിലൂടെ രണ്ടാം പകുതി മികച്ചതാക്കാനും സംവിധായകനു കഴിഞ്ഞു.ഷെഹ്നാദ്‌ ജലാലിണ്റ്റെ ഛായാഗ്രഹണ മികവും ഗോപി സുന്ദറിണ്റ്റെ പശ്ചാത്തല സംഗീതവും ചിത്രതിന്‌ പുത്തനുണര്‍വു നല്‍കിയിട്ടുണ്ട്‌.മലയാളിയുടെ പതിവു ചേരുവാ സിനിമകളെ വെല്ലുവിളിക്കുന്ന ഇത്തരം മള്‍ട്ടി നരേറ്റീവ്‌  സിനിമകള്‍ പ്രൊത്സാഹിപ്പിക്കെണ്ടത്‌ നമ്മുടെ കടമയാണ്‌..എന്തായാലും ഈ അടുത്ത കാലത്തു കണ്ട നല്ല ഒരു സിനിമയാണ്‌  'ഈ അടുത്ത കാലത്ത്‌ ' എന്ന ഈ അരുണ്‍ കുമാര്‍ അരവിന്ദ്‌ ചിത്രം.

Saturday 25 February 2012

തമിഴന്‌ വെള്ളം മലയാളിയ്ക്ക്‌ തേപ്പ്‌..

മലയാളിയുടെ മുല്ലപ്പെരിയാറു മോഹങ്ങള്‍ വീരചരമം പ്രാപിച്ചിട്ടു രണ്ടു മാസത്താളമായിരിക്കുന്നു.എന്തൊക്കെ ആയിരുന്നു?...ഭരണപക്ഷത്തിണ്റ്റെയും പ്രതിപക്ഷത്തിണ്റ്റെയും ജനനായകന്‍മാരുടെ ഉണ്ണാവ്രതങ്ങള്‍,മാധ്യമ സുഹൃത്തുക്കലുടെ തീപ്പൊരി ചര്‍ച്ചകള്‍,ജലസേചനണ്റ്റെ കട്ടൌട്ടുകള്‍,മത-രാഷ്ട്രിയ-സംസ്കാരിക നായകന്‍മാരുടെ വെല്ലുവിളികള്‍..എന്നിട്ടെന്തായി??.വിദഗ്ദ പഠനങ്ങളും തീര്‍പ്പു കല്‍പ്പിക്കലുകളും ഇനിയും വേണം പോലും.ശിവ ശിവ..ആടുത്ത മഴക്കാലത്തും നെഞ്ചില്‍ തീയുമായി മലയാളിയ്ക്ക്‌ ഇരിക്കെണ്ടി വരുമെന്നു തീര്‍ച്ചയായി..എന്തായാലും തമിഴണ്റ്റെ കുറെ ഇടി മലയാളിയ്ക്കും മലയാളിയുടെ ഇടി തമിഴനും കിട്ടിയതു തന്നെ മിച്ചം.ഇടി മാത്രമൊ ഉണ്ണാവ്രതം കിടന്നു ഗ്യാസ്‌ ട്രബിളിനു ചികിത്സ തേടുന്ന നമ്മുടെ വീരനായകന്‍മാരുടെ കാര്യമൊ?മാധ്യമ സുഹൃത്തുക്കളുടെയും ജനനായകന്‍മാരുടെയും വായില്‍ നിന്നു അനര്‍ഗ നിര്‍ഗളം പ്രവഹിച്ച ഉമിനീരില്‍ നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കാമായിരുന്നെങ്കില്‍ അടുത്ത കാലതൊന്നും വൈദ്യുതി ക്ഷാമം ഉണ്ടാകില്ലായിരുന്നു.ഭരണപക്ഷത്തിണ്റ്റെ തന്ത്രങ്ങളില്‍ ചിലതു ശ്രദ്ധേയമായി.പ്രധാനമന്ത്രിയെ കക്കൂസ്സില്‍ പോലും വിടാതെ ചര്‍ച്ച,ഹൈക്കമാണ്റ്റില്‍ സമ്മര്‍ദ്ധ തണ്റ്റ്രങ്ങള്‍.പക്ഷെ,എന്തു ചെയ്യാന്‍ കഴിയും?തമിഴണ്റ്റെ കോഴയമ്മച്ചി എല്ലാം നിഷ്പ്രയാസം തകര്‍ത്തു കളഞ്ഞത്രെ..കൊണ്ടും കൊടുത്തും പരിചയമുള്ള കോഴയമ്മച്ചിക്കു ആടിനെ പട്ടിയാക്കാനുള്ള വിദ്യ ആരും പഠിപ്പിച്ചു കൊടുക്കെണ്ടതില്ലല്ലൊ.റൂര്‍ക്കിയിലെ ഐ ഐ ടി ഇഞ്ചിനീരന്‍മാര്‍ക്കു വിവരമില്ലെന്നും വേണേല്‍ നാലാം ക്ളാസു ബിരുദധാരിയായ ഡോ.വൈക്കൊ പാണ്ടിയുടെ 'സ്പെഷ്യല്‍ പഠന റിപ്പോര്‍ട്ട്‌' ഹാജരാക്കാമെന്നും ആയമ്മ കല്‍പിച്ചത്രെ.അതു പ്രകാരം ജലനിരപ്പ്‌ ഇനിയും കൂട്ടണം പോലും.റിച്റ്റര്‍ സ്കെയിലിനെക്കളും കിറു കൃത്യമായ വൈക്കൊ സ്കെയില്‍ പ്രകാരം പതിനഞ്ചു പൊയിണ്റ്റുകള്‍ വരെയുള്ള ഭൂകമ്പം, ഡാം പുട്ടു പൊലെ താങ്ങുമത്രെ.ഇനി ഡാം പൊട്ടിയാല്‍ തന്നെ മലയാളിയുടെ കാല്‍ മുട്ടിനു താഴെ മാത്രമെ നനയുകയുള്ളെന്നും,കേരളത്തിലെ മൂന്നു ജില്ലകളിലെ പുരുഷന്‍മാര്‍ മുണ്ട്‌ പൊക്കിയുടുത്തും സ്ത്രീകള്‍ മൈക്രോ മിഡി പൊലുള്ള ആധുനിക വസ്ത്രങ്ങള്‍ ധരിച്ചാല്‍ വസ്ത്രം നനയുന്നതു ഒഴിവാക്കാമെന്നും പ്രസ്തുത റിപ്പൊര്‍ട്ടില്‍ പറയുന്നു.അതു കൂടാതെ കരികാല ചോളണ്റ്റെ കാലത്തു തമിഴണ്റ്റെ വെള്ളമില്ലാ തോട്ടില്‍ നിര്‍മിച്ച കല്ലണയുടെ ശക്തിയുടെ കാര്യം കൂടി ബോധിപ്പിച്ച്‌ ഒരു ചെറിയ രാഷ്ട്രീയ ഭീഷണി കൂടി മുഴക്കി, കോഴയമ്മച്ചി കെന്ദ്രത്തെ ചുരുട്ടി കക്ഷത്താക്കി പോയി എന്നാണു കേട്ടു കേള്‍വി.അതിനു ശേഷം നമ്മുടെ മുഖ്യനേയും ജലസേചനനേയും 'ആലുവാ മണപ്പുറത്തു കണ്ട പരിചയം പോലും' ദില്ലിയിലുള്ള ദുഷ്ട്ടന്‍മാര്‍ കാണിച്ചില്ലത്രെ.'തൂറിയവനെ ചുമന്നാല്‍ ചുമന്നൊനും നാറും' എന്നു പിറുപിറുത്തുകൊണ്ടു കേന്ദ്രത്തെ പ്‌രാകിക്കൊണ്ടു അടുത്ത വണ്ടി കേറി പാവങ്ങള്‍ നാടു പിടിച്ചെന്നാണു അസൂയാലുക്കള്‍ പറയുന്നത്‌.വഴിയില്‍ കണ്ട എല്ലാതിനെയും എതിര്‍ക്കുന്ന നമ്മുടെ പ്രതിപക്ഷ സഖാക്കന്‍മാരും പ്രതീകാത്മക ഏകദിന ഉണ്ണാവ്രതങ്ങള്‍ക്കു ശേഷം വാലും ചുരുട്ടി ഓടി എന്നാണു കേള്‍വി.ഇതൊക്കെ വലിയ കാര്യമാണോ,വെടിയുണ്ടകള്‍ വന്നേല്‍ സഖാക്കള്‍ വിരിമാറു കാണിച്ചു കൊടുത്തെനേ എന്നു നമുക്കറിയാമല്ലൊ?പിന്നെ എടുത്തു പറയെണ്ട ഒരു കാര്യം മാധ്യമ സുഹൃത്തുക്കലുടെ  ഛര്‍ദ്ദിച്ചതെല്ലാം വിഴുങ്ങിയുള്ള വിട വാങ്ങലാണു്‌.പുതിയ വാര്‍ത്തകള്‍ കിട്ടിയാലല്ലേ അരി മേടിക്കാന്‍ പറ്റൂ,പിള്ളേരെ വളര്‍ത്തേണ്ടെ.ഡാമിണ്റ്റെ സ്കോപ്പൊക്കെ ഏറിയാല്‍ രണ്ടു മാസം മാത്രം. ഇതൊക്കെ മനസ്സിലാക്കാന്‍ ജേര്‍ണലിസം പഠിയ്ക്കെണ്ട കാര്യമുണ്ടൊ അല്ലെ?
                                 എന്തൊക്കെയായാലും സ്വന്തം ജീവണ്റ്റെ വില മലയാളിയ്ക്ക്‌ മനസ്സിലായ സ്ഥിതിയ്ക്ക്‌ ഇനിയും നമ്മള്‍ക്കു കാത്തിരിയ്ക്കാം..പുതിയ പുതിയ തേപ്പുകള്‍ക്കായി..

Monday 20 February 2012

ഒന്നാം തീയതി ബാര്‍ തുറക്കുന്നതു കൊണ്ടുള്ള അഞ്ച്‌ ഗുണങ്ങള്‍..

കേരള സംസ്ഥാനത്തു മാത്രം കണ്ടു വരുന്ന ഒരു അത്ഭുത പ്രതിഭാസമാണ്‌ ഒന്നാം തീയതികളിലുള്ള ബാര്‍,സിവില്‍ സപ്ളയ്യിസ്‌ അടയ്യ്ക്കല്‍.ആരുടെയൊ വിചിത്രമായ ഭാവനയില്‍ ഉരുത്തിരിഞ്ഞു വന്ന ആ ആശയം കൊണ്ടു കേരളത്തിനാകെ ദോഷഫലങ്ങളാണുണ്ടായിട്ടുള്ളതെന്നു കുറച്ചു ഗവേഷകര്‍ കണ്ടെത്തുകയുണ്ടായി .ഒന്നാം തീയതി ബാര്‍ തുറക്കുന്നതിലുള്ള ഗുണങ്ങളെപ്പറ്റിയുള്ള ആ മഹാന്‍മാരുടെ പഠനം ഇപ്രകാരമാണ്‌...ഒന്നാമത്തെ ഗുണം 30-31 തീയതികളില്‍ പലിശക്കു പണമെടുക്കുന്നതും കെട്ടു താലി പൊട്ടിക്കുന്നതും ഒഴിവാക്കാമെന്നതാണ്‌.30-31തീയതികളില്‍ ദീര്‍ഘവീക്ഷണം ഉള്ള ഒരു ശരാശരി കുടിയണ്റ്റെ ചിന്ത എങ്ങനെലും കുറച്ചു മദ്യം സ്റ്റോക്ക്‌ ചെയ്യനാകുമെന്നത്‌ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌.അവന്‍ ലക്ഷ്യമിടുന്നതോ ഭാര്യയുടെ താലി മാല,കുഞ്ഞുങ്ങളുടെ കമ്മല്‍,അയലത്തെ വീട്ടിലെ തേങ്ങ ഇങ്ങനെയുള്ള അനാവശ്യമായ ആഡംബര വസ്തുക്കളെയാണ്‌.രണ്ടാമതായുള്ള ഗുണം നമ്മുടെ വീര ജവാന്‍മാരെ നമുക്കു്‌ അപമാനത്തില്‍ നിന്നു രക്ഷിക്കാം എന്നുള്ളതാണു്‌.ഒന്നാം തീയതികളില്‍ ക്വൊട്ട കിട്ടുന്ന മദ്യത്തിനായി ജവാണ്റ്റെ വീട്ടിലെത്തുകയും അതു കിട്ടതെ വരുമ്പൊള്‍ നിരാശനായി അദ്ദേഹതെയും മാതാ പിതാക്കളെയും അശ്ളീലം പറയുന്ന അവസ്ത നമ്മുടെ നാട്ടില്‍ കണ്ടു തുടങ്ങിയിട്ടുണ്ട്‌. മൂന്നാമതായി വരുന്ന ഗുണം നമ്മുടെ കുടിയന്‍മാരായ പൌരന്‍മാരുടെ കണ്ണും കരളും സംരക്ഷിക്കമെന്നുള്ളതാണ്‌.കിട്ടാത്ത മദ്യം സ്വയം നിര്‍മ്മിച്ചെടുക്കാനായി അവര്‍ സ്വയം പര്യാപ്തതയിലെക്കു നീങ്ങുകയും തല്‍ഫലമായി പുതിയ മൂലകങ്ങല്‍ വികസിപ്പിച്ചെടുക്കുകയും ചെയ്യുന്നു.ഇങ്ങനെ നിര്‍മിക്കപ്പെടുന്ന മൂലകങ്ങള്‍ കണ്ണിനും കരളിനും ദോഷമാണെന്നു നമ്മള്‍ പണ്ടെ കൊണ്ടറിഞ്ഞതാണ്‌.മദ്യത്തിണ്റ്റെ അതെ ഗുണം തോന്നിക്കുന്ന സദ്യശ വസ്തുക്കളായ ടര്‍പന്‍ ഓയില്‍,പി വി സി പൈപ്പുകള്‍ ഒട്ടിക്കുന്ന സൊള്‍വണ്റ്റ്‌ സിമണ്റ്റ്‌ ഇതിണ്റ്റെയൊക്കെ ഉപഭോഗം നിമിത്തം പൌരന്‍മാരുടെ കണ്ണും കരളും നശിപ്പിക്കപ്പെടുന്നു. നാലാമതെ ലക്ഷ്യം ഒന്നാം തീയതിയുടെ തലെ രാത്രിയിലെ റോഡപകടങ്ങള്‍ ഒഴിവാക്കുകയാണ്‌.രാത്രി വൈകി ഓഫീസില്‍ നിന്നിറങ്ങുന്ന സാധാരണ പൌരന്‍മാര്‍ പിറ്റെന്നത്തെ ദാഹജലത്തിനായി വായുഗുളിക മേടിക്കാനുള്ള വെപ്രാളത്തില്‍ വണ്ടിയുമെടുത്തു സിവില്‍ സപ്ളയ്യിസിലെക്കു പായുന്നു.ഇതു വഴിയാത്രികരുടെ ആരൊഗ്യത്തെ സാരമായി ബാധിക്കാരുണ്ടെന്നു പഠനങ്ങല്‍ വ്യക്തമാക്കുന്നു.ഇതിനെ 'പരക്കം പാച്ചില്‍' എന്നാണ്‌ വിശേഷിപ്പിക്കുന്നത്‌.അഞ്ചാമതും അവസാനവുമായുള്ള ഗുണം ഇന്ധനലാഭമാണ്‌.കേരളത്തില്‍ മദ്യം കിട്ടാതെ വാഹനവുമെടുത്തു ബൊര്‍ഡറ്‍ കടക്കുന്ന പൌരന്‍മാരുടെ എണ്ണം ഇന്നു വളരെ കൂടുതലാണ്‌.നമ്മുടെ വിലപ്പെട്ട പെട്രോളും സമയവും ഇങ്ങനെ നഷ്ടപ്പെടുന്നു..ഒരു കാര്യം പറഞ്ഞു കൊള്ളട്ടെ..'കുടിക്കാനുള്ളവര്‍ എങ്ങനെയും കുടിച്ചിരിക്കും' എന്ന മഹദ്‌വചനത്തെ ഓര്‍ത്തു ഈ ജനദ്രോഹ നടപടിയെ പറ്റി പഠിക്കാന്‍ സര്‍ക്കാര്‍ തയ്യറാകണം.മദ്യത്തില്‍ നിന്നു നാടിനെ രക്ഷിക്കാന്‍ ശാസ്ത്രീയമായ പഠനമാണു വെണ്ടതു അല്ലാതെ മണ്ടന്‍ ആശയങ്ങളല്ല എന്നു മനസ്സിലാക്കിയാല്‍ എല്ലാവറ്‍ക്കും നല്ലത്‌.

Sunday 19 February 2012

അപ്പനാരാ മോന്‍..

കൊട്ടാരക്കരയിലെ കുഴഞ്ഞു മറിഞ്ഞു കിടന്ന രാജഭരണം ഒന്നു സട കുടഞ്ഞെണീറ്റതു ഈ അടുത്തകാലത്താണ്‌.തമ്പ്രാന്‍ സ്വാതന്ത്യ സമരത്തില്‍ പെട്ടു ജയില്‍ വാസത്തിലാരുന്നല്ലൊ.രാജാവില്ലാത്ത അവസ്ഥയില്‍ ഭരണം കയ്യാളാന്‍ കാത്തിരുന്നവരെയൊക്കെ ഞെട്ടി തരിപ്പിച്ചു കൊണ്ടു ദിവസങ്ങള്‍ക്കകം രാജാവു ലാന്‍ഡ്‌ ചെയ്തു.നീണ്ട  93  ദിവസത്തെ ജയില്‍ വാസവും കുറച്ചു മാസത്തെ പഞ്ചനക്ഷത്ര ഹോസ്പിറ്റലിലെ പീഡനമുറകളും അദ്ദെഹതെ പൂര്‍വാധികം ശക്തിമാനാക്കിയതേയുള്ളൂ.അദ്ദേഹത്തെ പീഡിപ്പിച്ച ജയില്‍ ജീവനക്കാരെയും ഉരുട്ടിയ ഡോക്ടര്‍മരെയും നമ്മള്‍ക്കു എത്ര അനുമോദിച്ചാലും മതിയാകില്ല.അദ്ദേഹത്തെ ഈ അവസ്ഥയില്‍ നമ്മള്‍ക്കു തിരിച്ചു തന്നതിനു കൊട്ടാരക്കരക്കാര്‍ നിങ്ങളൊടു കടപ്പെട്ടിരിക്കുന്നു.യുവരാജാവിനെക്കാലും ചെറുപ്പമായി മാറിയ പ്രകടനങ്ങളാണ്‌ അദ്ദെഹം ഇപ്പൊള്‍ കാഴ്ച്ച വയ്ക്കുന്നത്‌. എത്ര നിഷ്പ്രയാസമാണ്‌ അദ്ദെഹം തണ്റ്റെ പ്രജയുടെ കരണം അടിച്ചു പൊളിച്ചത്‌..അതും ഈ  77  വയസ്സില്‍ എല്ലാവരുടെയും മുന്നില്‍ വച്ചു നല്ല ജാക്കി അച്ചായന്‍ സ്റ്റൈയ്ലില്‍.ഈ വീരചരിതം കെള്‍ക്കുമ്പോള്‍ തന്നെ നാമെല്ലം രോമാഞ്ച കഞ്ചുകമണിയുന്നു.അടികൊണ്ട പ്രജയുടെ കാര്യമാണു എറ്റവും കഷ്ടം.എന്തായാലും മോതിര കൈയ്ക്കു തന്നെ കിട്ടിയതല്ലെ, നന്നായി.കുഞ്ഞിലെ നല്ല അടി കിട്ടിയിരുന്നെല്‍ ഇവനൊന്നും കണ്ടവണ്റ്റെ കൂടെ നടക്കില്ലായിരുന്നുവെന്ന്‌ കേട്ടവരൊക്കെ പറഞ്ഞത്രെ..അടി കൊണ്ട കരണം അമര്‍ത്തി തടവി സുഹൃത്തായ യുവരാജാവിനൊടു  പ്രജ മൊഴിഞ്ഞു - 'വയസ്സും പ്രായവും ആയിപ്പോയി,ഇല്ലെല്‍ കാണിച്ചു തരാമായിരുന്നു'..യുവരാജാവപ്പൊല്‍ മനസ്സില്‍ പറഞ്ഞത്രെ- 'നീ കുറെ ഊഞ്ഞാലാടും.. അപ്പനാരാ മോന്‍'.

വിശ്വസിച്ചാലും ഇല്ലെങ്കിലും..

'വിശ്വസിച്ചാലും ഇല്ലെങ്കിലും'  എന്ന എഷ്യാനെറ്റിലെ   ജനപ്രിയ പരമ്പര മിക്കപ്പൊഴും നമ്മുടെ രാത്രികളെ കൊഴുപ്പിക്കുന്നുണ്ട്‌.എന്തെല്ലാം വിശ്വസിക്കാനാകാത്ത കഥകളാണാവൊ നമ്മുടെ ഹ്യദയങ്ങളിലേക്കു അവര്‍ അടിച്ചു കയറ്റിയിരിക്കുന്നത്‌.തെറി വിളിക്കുന്ന അമ്മയും മകളും,രാത്രി കാലങ്ങളില്‍ ആള്‍ക്കാരെ വേട്ടയാടുന്ന രക്ഷസ്സുകള്‍,പ്രേതം കേറിയ അമ്മച്ചി,പാമ്പിനെ ചുട്ടതു കാരണം പാമ്പായി മാറിയ യുവതി,എന്‍ എച്ചു തൊറും മറഞ്ഞിരിക്കുന്ന ആക്സിടെണ്റ്റ്‌ പ്രേതങ്ങള്‍,ഒളിച്ചു കാട്ടു ചോലയില്‍ കുളിക്കാനിറങ്ങിയ പെണ്‍കൊടിയെ ബലാത്സംഗം ചെയ്തു കൊന്ന നരാധമന്‍മാരായ യുവാക്കളൊടുള്ള വൈരാഗ്യം മൂലം വെള്ളം കുടിക്കന്‍ വരുന്ന പശുവിനെപ്പോലും കയത്തില്‍ മുക്കി കൊല്ലുന്ന യുവതിയായ പ്രേതം,ഇങ്ങനെ പോകുന്നു കഥകള്‍.പ്രേതങ്ങള്‍ മൂന്നു തരം -നല്ല വെള്ള സാരിയണിഞ്ഞു കാണുന്ന നീലിയെന്നു സാധാരണ അറിയപ്പെടുന്ന സുന്ദരിയായ ഹിന്ദു പ്രേതം,പച്ച ഉടയാടകളും തൊപ്പിയും അണിഞ്ഞു വരുന്ന പൊക്കറു ഹാജി പ്രേതം,വെള്ള മിഡിയും ടൊപ്പുമണിഞ്ഞു വലിയ രക്തമൂറുന്ന കൊമ്പല്ലുകളുള്ള ആനി പ്രേതം.ഇവയൊക്കെ നാട്ടും പുറങ്ങളില്‍ മാത്രമേ കണ്ടു വരുന്നുള്ളൂ.ഇവരെയൊക്കെ സ്തിരമായി സന്ധ്യകളില്‍ കാണാന്‍ ഭാഗ്യം ലഭിച്ച നാട്ടുകാരായ കുറച്ചു ഹതഭാഗ്യന്‍മാര്‍.ഇവരെയൊക്കെ കോര്‍ത്തിണക്കിയ പരമ്പര അങ്ങനെ മെഗാസീരിയല്‍ പോലെ ചിരഞ്ജീവിയായിഓടിക്കൊണ്ടിരിക്കുന്നു.നഗരത്തിലെ മാലിന്യങ്ങളിലും ട്രാഫിക്കിലും ഈ പ്രേതങ്ങള്‍ വരാറില്ല..ഇതൊക്കെയാന്നേലും,നമ്മള്‍ ചിന്തിക്കേണ്ട ഒരു കാര്യമുണ്ട്‌-സോറിയാസിസ്‌ എന്ന അസുഖം ബാധിച്ച യുവതിയെ എത്ര എളുപ്പത്തിലാനു നമ്മുടെ ധീരസംവിധായകന്‍ പാമ്പാക്കി മാറ്റിയത്‌.കയത്തിലും കുളത്തിലുമൊക്കെ മുങ്ങി മരിക്കുകയും റോഡ്‌ അപകടങ്ങളില്‍ മരിക്കുന്നവരെയും പ്രേതം കൊല്ലുന്നതാണെന്നു നമ്മളെ പറഞ്ഞു വിശ്വസിപ്പിക്കാനുള്ള ചങ്കൂട്റ്റം ഈ ഇരുപതാം നൂറ്റാണ്ടില്‍ കാണിക്കുന്ന ആ മാന്യദേഹത്തിനെ അഭിനന്ദിക്കാതെ വയ്യ.പുളിച്ച തെറി പറയുന്ന അമ്മയും മകളും വിശ്വസിക്കാവുന്ന ഒരു കാഴ്ച്ചയാണ്‌.ഷൂട്ടിങ്ങിനു വന്നവരെയും അമ്മച്ചിയും മോളും തള്ളക്ക്‌ വിളിച്ചത്രെ.അമ്മച്ചിയും മോളും പരമ്പര കാണുന്നുണ്ടാവും.ദുര്‍മരണങ്ങളും ദുരന്തങ്ങളും ഉണ്ടാകാത്ത സ്ഥലങ്ങല്‍ വിരളമായ ഈ ലോകത്തു ഇങ്ങനെ മരണപ്പെട്ടവരെല്ലാം പ്രേതങ്ങളായി ഇറങ്ങിയാല്‍ ഗതാഗതം നിയന്ത്രിക്കാന്‍ അവരുടെ ഇടയില്‍ നിന്നു തന്നെ കുറച്ചു പേരെ റിക്രൂട്ട്‌ ചെയ്യെണ്ടി വരും. .അല്ലയൊ സംവിധായക സുഹ്യത്തെ, ഇനിയും തിരക്കഥകള്‍ വേണമെങ്കില്‍ നമുക്കു തന്നെ സംഘടിപ്പിക്കാവുന്നതെയുള്ളൂ.കഥ ഇങ്ങനെയായാലൊ?അന്‍പതു വര്‍ഷങ്ങള്‍ക്കു മുന്‍പു മലബന്ധം മൂലം വിഷമിക്കുന്ന ഒരു ചെറുപ്പക്കാരന്‍ ആഗ്രഹം തീരുന്നതിനു മുന്‍പേ പഴയ കക്കൂസിലെ സ്ളാബ്‌ പൊട്ടി കുഴിയില്‍ വീണു മരണമടയുന്നു.വര്‍ഷങ്ങള്‍ കഴിഞ്ഞതിനു ശേഷം ആ ഭാഗത്തു പുതുതായി വന്ന യൂറൊപ്യന്‍ കക്കൂസില്‍ നിന്നും മലബന്ധം മൂലം വിഷമിക്കുന്ന യുവാവിണ്റ്റെ മൂളലും ഞരക്കങ്ങളും കെള്‍ക്കാറുണ്ടത്രെ.ആഗ്രഹം സാധിക്കാതെ മരിച്ചതിനാലാകാം,പാവം..ആഗ്രഹപൂര്‍ത്തിക്കായി പ്രസ്തുത കക്കൂസില്‍ വരുന്നവരെല്ലാം മലബന്ധം മൂലം കഷ്ടപ്പെടാറുണ്ടത്രെ...ഈ കഥകളൊക്കെ നമ്മെ പഠിപ്പിക്കൂന്നതു ഇതാണ്‌-'വിശ്വസിച്ചാലും ഇല്ലെങ്കിലും' വിശ്വസിക്കരുതെ, പ്ളീസ്‌.. .

Saturday 18 February 2012

വെറുതെ ഒരു ഭര്‍ത്താവ്‌..

ഭര്‍ത്താവ്‌ എന്നാല്‍ ഭാര്യയെ ഭരിക്കുന്നവന്‍ എന്ന കാലമൊക്കെ മാറിയെന്നു കല്യാണി പറയുന്നു.അവള്‍ക്കെന്നെ തീരെ വിലയില്ല.പഴയ കാര്യങ്ങളൊക്കെ അയവിറക്കി നെഞ്ചിലെ പൂടയും തടവി ഇരിക്കുമ്പൊളാന്നു്‌ ഉമ്മറത്തു നിന്നു ഒരു വിളി കേട്ടത്‌- 'ദേ മനുഷ്യാ, ദാമു വന്നു നില്‍ക്കുന്നു' മനസ്സിലൊരായിരം പൂത്തിരി കത്തിയതു പോലെ തോന്നി.ഷാപ്പിലെക്കു പോകാന്‍ വിളിക്കാനാകും അവണ്റ്റെ വരവ്‌.ഇന്നേലും വിഷമങ്ങളൊക്കെ ഇറക്കി വക്കണം. കല്യാണി വയലണ്റ്റ്‌ ആകുമൊ ആവോ?വിറക്കുന്ന കാലുകലൊടെ ഒബാമയുടെ തലയെടുപ്പോടെ ഉമ്മറത്തെയ്ക്കു നടന്നു..ഭാഗ്യം കല്യാണിയെ കാണുന്നില്ല.ദാമു തലയും ചൊറിഞ്ഞു മുറ്റത്തു നില്‍പ്പുണ്ട്‌.'എടാ ദിനെശാ പോയാലൊ'എന്നെ ചോദ്യത്തിനു അകത്തെവിടെയൊ ഒരു ആട്ടു കെട്ടതു പൊലെ തോന്നി.തോന്നലായിരിക്കും...തീര്‍ച്ച..കല്യാണി കുളിക്കന്‍ പോയെന്നു തൊന്നുന്നു.ആ സമാധാനത്തൊടു കൂടി ഒരു തൊര്‍ത്തുമെടുത്തു ഇറങ്ങി.ദാമുവിണ്റ്റെ കയ്യും പിടിച്ചു വരമ്പത്തു കൂടി നടക്കുമ്പോള്‍ പഴയ പ്രതാപകാലത്തിലേക്ക്‌ മനസ്സു പൊകുന്നുണ്ടായിരുന്നു.കള്ള്‌ ലൈസെന്‍സ്‌ സരസന്‍ എന്ന മനോഹര ദ്യശ്യം വെള്ളെഴുത്തുള്ള കണ്ണില്‍ കിലൊമീറ്റെറുകള്‍ക്കു മുന്‍പെ കണ്ടു തുടങ്ങിയിരുന്നു.തഴമ്പിച്ച ചന്തിയുമായി ആടുന്ന ബെഞ്ചിലിരുന്നപ്പൊളെയ്ക്കും അന്തിയുമായി സരസന്‍ വന്നണഞ്ഞു.ദാമുവിണ്റ്റെ പറ്റു ബൂക്കില്‍ അക്കങ്ങല്‍ കൂടും തോറും എന്തോ ഒരു ധൈര്യം വന്ന പൊലെ.'ഇന്നു കല്യാണിയെ കുനിച്ച്‌ നിര്‍ത്തി ഇടിയ്ക്ക്ണം'.മനസ്സില്‍ പിറുപിറുത്തുകൊണ്ടു ദാമുവിണ്റ്റെ കഴുത്തില്‍ തൂങ്ങി എങ്ങനെയൊക്കെയൊ വീട്ടിലെത്തിയപ്പോളെയ്ക്കും ചങ്ങമ്പുഴയുടെ രമണണ്റ്റെ വിലാപം ഉണ്ണിയുടെ തൊണ്ടയിലൂടെ ഒഴുകി വരുന്നുണ്ടായിരുന്നു.ഒരു നിമിഷത്തെ ആവേശത്തില്‍ 'എടീ കല്യാണീ നായിണ്റ്റെ മോളെ' എന്നലറിയതും തല മണ്ടയില്‍ ഒരു മുഴക്കം പൊലെ തോന്നി.ദാമുവിണ്റ്റെ കാലടിയൊച്ചകള്‍ അകന്നു പോയതു പൊലെ തോന്നി. ഓര്‍മ വന്നപ്പോളെയ്ക്കും സൂര്യ ഭഗവാന്‍ കുണ്ടിയെ കരിച്ചു തുടങ്ങി കഴിഞ്ഞിരുന്നു.'ഒരു പൊതിക്കാത്ത തേങ്ങയാണല്ലൊ അടുത്തു കിടക്കുന്നതു ഭഗവാനെ..പേര മരത്തില്‍ നിന്നു തെങ്ങാ വീഴുമോ?'തല വേദനിക്കുന്നുണ്ട്‌. കല്യാണി എറിഞ്ഞതാകും.സന്ധ്യക്കു ദാമു വരട്ടെ,അവളെ കാണിച്ചു കൊടുക്കാം-തേങ്ങയുമെടുത്തു വീട്ടിലെയ്ക്കു കയറുമ്പോള്‍ മനസ്സില്‍ ഉറപ്പിച്ചു.അടുക്കളയില്‍ കല്യാണിയുടെ അടുത്തു നിന്നു ഗാംഭീര്യത്തോടെ മൊഴിഞ്ഞു-'ഇന്നാടീ ഒരു തേങ്ങ'..
Related Posts Plugin for WordPress, Blogger...