Sunday, 16 September 2012

ഒരു പണ്ഡിറ്റും കുറേ മണ്ടന്‍മാരും..

'നമ്മള്‍ തമ്മില്‍' എന്ന ജനകീയ പ്രോഗ്രാമിലെ അവതാരകനായി സന്തോഷ്‌ പണ്ഡിറ്റിനെ തിരഞ്ഞെടുക്കണമെന്നാണ്‌ എണ്റ്റെ അഭിപ്രായം..നമ്മുടെ ശ്രീകണ്ഠന്‍ നായരെയും ബ്രിട്ടാസ്സിനെയും നിഷ്പ്രഭരാക്കുന്ന സരസ്വതീ വിലാസവും അസഹിഷ്ണുതാ മനോഭാവവും സന്തോഷിനുണ്ട്‌. ഈ മഹാനുഭാവണ്റ്റെ തൊലിക്കട്ടിയും,ഒടുക്കത്തെ ഗാനാലാപനവും, പേയ്‌ പിടിച്ച പോലുള്ള ചേഷ്ടകളും കാണാന്‍ മലയാളി പ്രേക്ഷകര്‍ക്ക്‌ താല്‍പര്യമുണ്ടെന്ന്‌ പതുക്കെ പറഞ്ഞാല്‍ പോരാ എന്നു തോന്നുന്നു. ഒരിക്കല്‍ പോലും ഇത്തരം ചര്‍ച്ചകള്‍ കാണാന്‍ താല്‍പര്യമില്ലാത്തവര്‍ പോലും ഇപ്പൊള്‍ ഈ ദേഹത്തെ കാണാന്‍ മാത്രമായി ടെലിവിഷണ്റ്റെ മുന്നില്‍ ഇരിക്കാറുണ്ട്‌.മുഴുവന്‍ സമയവും ക്യാമറ ഫോക്കസ്‌ തന്നെ അദ്ദേഹത്തില്‍ മാത്രമാണ്‌.ബ്രിട്ടാസ്‌ വളരെ ശ്രമകരമായി മറ്റുള്ളവര്‍ക്ക്‌ സംസാരിയ്ക്കാന്‍ അവസരം കൊടുക്കാന്‍ നോക്കുന്നുണ്ടെങ്കിലും അവസാനം സന്തോഷിലെയ്ക്കു തന്നെ ക്യാമറ തിരിച്ചു പോകുന്ന അത്ഭുത കാഴ്ച്ച നമുക്കു കാണാന്‍ കഴിയും.അഞ്ച്‌ ലക്ഷം കൊണ്ടു സിനിമ പിടിക്കാനും സംവിധാനവും ഗാനരചനയും അഭിനയവുമുള്‍പ്പെടെ പത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ഒരു സിനിമയില്‍ എങ്ങനെയൊക്കെയൊ കൈകാര്യം ചെയ്യാന്‍ ധൈര്യം കാണിയ്ക്കുന്ന ഈ പ്രതിഭാസത്തില്‍ നിന്ന്‌ ചില കാര്യങ്ങള്‍ നമുക്കു പഠിക്കാനുണ്ടെന്നു തോന്നുന്നു.മിക്കപ്പോളും ഒരു തല പോയ കേസായി സന്തോഷ്‌ നമ്മളെ തോന്നിപ്പിക്കുമ്പോള്‍ പോലും ,പണ്ടൊരു ചര്‍ച്ചയില്‍ നമ്മുടെ അഡ്വ.ബാബുരാജിനെ പോലുള്ളവരോട്‌ നല്ല കൂളായി 'എല്ലാവര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന ഒരു ഹിറ്റ്‌ സിനിമ ചെയ്യാന്‍ നോക്കെടോ,വാചകമടിക്കാതെ' എന്നു പറയുന്നതു കേള്‍ക്കുമ്പോല്‍ ഇങ്ങേരു ഈ പറയുന്നതിലും എന്തൊക്കെയോ കാര്യമില്ലേ എന്നൊരു സംശയം തോന്നാം.അതു സ്വാഭാവികം.'എണ്റ്റെ പൈസ കൊണ്ടു ഞാന്‍ പിടിക്കുന്ന പടത്തില്‍ ഞാന്‍ ഇഷ്ടമുള്ളതു കാണിക്കും,താല്‍പര്യമുള്ളവര്‍ കണ്ടാല്‍ മതി, എന്നു സന്തോഷിനെ കൊണ്ടു പറയിക്കുന്നതും നമ്മള്‍ തന്നെ അല്ലേ എന്നൊരു സംശയം.പണ്ടു കാലത്ത്‌ എങ്ങനെയൊക്കെയൊ തട്ടിക്കൂട്ടുന്ന ഷക്കീലപ്പടങ്ങള്‍ സ്ഥിരമായി കണ്ടും വിജയിപ്പിച്ചും കോള്‍മയിര്‍ കൊണ്ടിരുന്ന മലയാളിയ്ക്ക്‌ എന്നാണ്‌ ഈ കലാമൂല്യബോധം ഉണ്ടായതെന്ന്‌ സന്തോഷ്‌ ചോദിച്ചാല്‍ നമുക്ക്‌ മറുപടിയുണ്ടോ??. ഏഷ്യാനെറ്റ്‌ പോലുള്ള ചാനലുകള്‍ സ്ഥിരമായി അദ്ദേഹത്തിനെ കൂട്ടു പിടിക്കുന്നതു തന്നെ സന്തോഷിണ്റ്റെ ഈ മാനറിസങ്ങളും നെഗറ്റീവ്‌ പബ്ളിസിറ്റിയും വിറ്റു കാശാക്കാനാണല്ലോ.അപ്പോള്‍ സന്തോഷിനു മാത്രമായി സൃഷ്ട്ടിക്കുന്ന ഈ ചര്‍ച്ചയിലൊക്കെ വന്നിരുന്ന്‌ ഈ മഹാനു വടി കൊടുത്ത്‌ അടി മേടിക്കുന്നവരൊടാണ്‌ നമ്മള്‍ക്ക്‌ സഹതാപം തോന്നേണ്ടത്‌.എന്തെങ്കിലുമൊക്കെ അങ്ങേരെ ചൊറിയാന്‍ പറഞ്ഞിട്ടു 'ഒരു മാതിരി വെറുതെ ഇരിക്കുന്ന ആസനത്തില്‍ ചുണ്ണാമ്പ്‌ തേച്ച അവസ്ഥയില്‍' ഇരിക്കുന്നവരെ കാണുമ്പൊള്‍ ഇവരൊക്കെയല്ലേ സന്തോഷിനെ സന്തോഷാക്കാന്‍ പ്രയത്നിക്കുന്നത്‌ എന്നൊരു സംശയം തോന്നാം.ആറു മാസം രാപ്പകലില്ലാതെ കഷ്ടപ്പെട്ടിറക്കിയ കലാസൃഷ്ടിയെ ഒന്നു കാണാന്‍ പോലും കൂട്ടാക്കാതെ എന്നെ കൊത്തി വലിക്കുന്ന കഴുകന്‍മാരല്ലേ നിങ്ങള്‍ എന്ന സന്തോഷിണ്റ്റെ രോദനവും കേള്‍ക്കാന്‍ കഴിഞ്ഞു.. ഇങ്ങനുള്ള നിരുപദ്രവകാരിയായ സന്തോഷുമാരെ യൂ റ്റ്യുബില്‍ കണ്ടു രസിയ്ക്കുന്നവരും വെള്ളമടിച്ചു തീയറ്ററില്‍ പോയി തെറി വിളിച്ചു സന്തോഷ്‌ സിനിമയെ ഉത്സവമാക്കുന്നവരുമല്ലേ കുറച്ചു കൂടി മിടുക്കന്‍മാര്‍??

ചിത്രത്തിനു കടപ്പാട്‌:ശ്രീ. അനുരാജ്‌

Related Posts Plugin for WordPress, Blogger...