Sunday, 24 June 2012

സ്പിരിറ്റ്‌..


സമകാലീന മലയാള സിനിമകളില്‍ നിന്ന്‌ വേറിട്ട്‌ നില്‍ക്കുന്ന സിനിമകളെയും നായകന്‍മാരെയും നമുക്ക്‌ സമ്മാനിയ്ക്കാന്‍ രഞ്ജിത്‌ എന്ന സംവിധായകനു കഴിഞ്ഞിട്ടുണ്ട്‌.അത്തരം സിനിമകളില്‍ കണ്ടിറങ്ങുന്ന പ്രേക്ഷകരെ ചിന്തിപ്പിയ്‌കുന്ന എന്തോ ഒന്ന്‌ രഞ്ജിത്‌ സിനിമകള്‍ ബാക്കി വയ്ക്കാറുണ്ട്‌.ആ സന്ദേശത്തെ അതേ സ്പിരിറ്റില്‍ ഉള്‍ക്കൊള്ളാനുള്ള കഴിവ്‌ പ്രേക്ഷകര്‍ക്കുണ്ടായാല്‍ ആ സിനിമ വിജയിച്ചു എന്ന്‌ പറയാം.'സ്പിരിറ്റ്‌' എന്ന മോഹന്‍ലാല്‍ ചിത്രം അത്തരത്തിലുള്ള ഒരു സമീപനമാണ്‌.മോഹന്‍ലാല്‍ എന്ന മഹാനടണ്റ്റെ അഭിനയമികവിനെ ചൂഷണം ചെയ്യുന്നതില്‍ രഞ്ജിത്‌ എന്ന തിരക്കഥാകൃത്തും സംവിധായകനും വിജയിച്ചിട്ടുണ്ട്‌.മദ്യത്തിണ്റ്റെ ഉന്‍മാദാവസ്ഥയില്‍ മുങ്ങിക്കുളിച്ചു നടക്കുന്ന രഘുനന്ദന്‍ എന്ന കഥാപാത്രത്തെ മനോഹരമായി മോഹന്‍ലാല്‍ അവതരിപ്പിച്ചിരിയ്ക്കുന്നു എന്നു നിസ്സംശയം പറയാം.അമിത മദ്യപാനം എന്ന സാമൂഹ്യ വിപത്തിനെ എല്ലാ ഫ്രെയിമുകളിലും ഉള്‍ക്കൊള്ളിച്ചു കഥ പറയാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്‌.ആരുടെയും ഉപദേശത്തിനു കൂട്ടാക്കാത്ത ഒരു കൂട്ടം മദ്യപാനികളുടെ ജീവിത പ്രശ്നങ്ങളും സമൂഹത്തിണ്റ്റെ വിവിധ തട്ടിലുള്ള മദ്യപാന കൂട്ടായ്മകളെ പറ്റിയും സിനിമ എടുത്ത്‌ കാട്ടുന്നു. മദ്യാസക്തി മൂലമുള്ള വ്യക്തികളുടെ മാനസിക പ്രശ്നങ്ങളേയും പെരുമാറ്റ വൈകല്യങ്ങളെയും രഘുനന്ദനിലൂടെ പ്രേക്ഷകരിലേയ്ക്കെത്തിയ്ക്കാന്‍ സിനിമയ്ക്കു കഴിയുന്നുണ്ട്‌.മദ്യത്തിനെതിരെ പോരാടിയ മഹാന്‍ 'ലിവര്‍ സീറോസിസ്‌' വന്നു മരിച്ച നാടായി നമ്മുടെ കേരളത്തിനെ രഘുനന്ദന്‍ തന്നെ വിശേഷിപ്പിയ്ക്കുന്നുണ്ട്‌. മദ്യപാനാസക്തിയില്‍ ഭാര്യയേയും കുട്ടിയെയും മര്‍ദ്ദിയ്ക്കുന്നയാളെ സ്വന്തം ഓഫീസില്‍ വിളിപ്പിച്ച്‌ ചെകിട്ടത്തടിയ്ക്കുകയും 'പൊലയാടീ മോനേ ഇനി അവരെ തൊട്ടാല്‍ ചവിട്ടികൂട്ടുമെടാ' എന്ന്‌ ഗര്‍ജ്ജിയ്ക്കുന്ന IPS സുന്ദരിയെയും(ലെന),മറ്റൊരാളുടെ കുഞ്ഞിനെ സ്വന്തം മകനെപ്പൊലെ സംരക്ഷിയ്ക്കുന്ന അച്ഛനെയും(ശങ്കര്‍ രാമകൃഷ്ണന്‍)പോലുള്ള കഥാപാത്രങ്ങല്‍ കൈയടി നേടുന്നുണ്ട്‌.നന്ദു,കല്‍പന,തിലകന്‍,സിദ്ധാര്‍ത്‌ ഭരതന്‍,മധു എന്നിവരും നല്ല അഭിനയം കാഴ്ച്ച വച്ചിട്ടുണ്ട്‌.റഫീക്‌ അഹമ്മദിണ്റ്റെ 'മഴ കൊണ്ട്‌' എന്ന ഗാനത്തിണ്റ്റെ വരികളും, ഷഹബാസ്‌ അമണ്റ്റെ സംഗീതവും നന്നായി. മികവുറ്റ ക്യാമറാ വര്‍ക്കിലൂടെ എല്ലാ ഫ്രെയ്മുകളും വേണു മനോഹരമാക്കിയിട്ടുണ്ടെന്ന് തന്നെ പറയാന്‍ സാധിയ്ക്കും.Docu-Fiction ആയി കഥ പറയുന്ന രീതിയാണ്‌ രണ്ടാം പകുതിയിലുള്ളത്‌.പ്രേക്ഷകനൊരു ഡോക്യുമെണ്റ്ററി കാണുന്ന അനുഭവം അതുണ്ടാക്കുന്നെങ്കിലും വിരസതയില്ലാതെ കൊണ്ടു പോകാന്‍ സംവിധായകനു കഴിഞ്ഞിട്ടുണ്ട്‌.പ്രീയപ്പെട്ട സുഹൃത്ത്‌ സ്വന്തം കണ്‍മുന്നില്‍ മദ്യപിച്ചു മരിയ്ക്കുമ്പോള്‍‘ Wine is a bottled poetryഎന്ന ബുദ്ധിജീവി സങ്കല്‍പത്തെ തണ്റ്റെ മദ്യപാനാസക്തിയുടെ ന്യായീകരണം മാത്രമായി തിരിച്ചറിഞ്ഞ്‌ അതിനെ എന്നെന്നേയ്ക്കുമായി തുടച്ചു നീക്കാന്‍ രഘുനന്ദന്‍ ശ്രമിയ്ക്കുന്നത്‌ സിനിമയില്‍ നന്നായി അവതരിപ്പിച്ചിരിയ്ക്കുന്നു.എല്ലാ നിയമങ്ങളേയും വെല്ലുവിളിച്ചു ജീവിയ്ക്കുന്ന മദ്യപാനിയായ രഘുനന്ദന്‍ മദ്യത്തൊടു തന്നെ വെറുപ്പുള്ള അവസ്ഥയിലെയ്ക്ക്‌ എത്തിപ്പെടുന്നതും ഒരു നല്ല അച്ഛനായി മാറുന്നതും നമുക്ക്‌ കാണാം.എന്തായാലും കുറച്ചു പേരെയെങ്കിലും തങ്ങളുടെ അമിത മദ്യപാനാസക്തിയെക്കുറിച്ച്‌ ഒന്നു ചിന്തിപ്പിയ്ക്കാന്‍ ഈ സിനിമയ്ക്കു കഴിയുമെന്ന്‌ തീര്‍ച്ചയാണ്‌.എന്തായാലും തീയറ്റര്‍ വിട്ടിറങ്ങുമ്പോള്‍ കേട്ട ഒരു പ്രേക്ഷക കമണ്റ്റ്‌ കൂടി പറയാം-'ഇതിലും വലിയ പെരുന്നാള്‍ വന്നിട്ട്‌ വാപ്പ പള്ളിയില്‍ പോയിട്ടില്ല..വാടാ അളിയാ,രണ്ടെണ്ണം അടിച്ചിട്ട്‌ വീട്ടില്‍ പോകാം'..
      എന്തായാലും സിനിമയുടെ സ്പിരിറ്റ്‌ ഉള്‍ക്കൊള്ളാന്‍ കുറച്ചു പേര്‍ക്കെങ്കിലും സാധിയ്ക്കട്ടെ എന്ന് പ്രത്യാശിയ്ക്കാം.എന്നാലത്‌ 'സ്പിരിറ്റ്‌' എന്ന സിനിമയുടെ വിജയമായിരിയ്‌കും..

Sunday, 10 June 2012

ദൈവത്തിണ്റ്റെ ടാപ്പ്‌..


‘എടീ  ഒന്നിങ്ങു വന്നേ..കുഞ്ഞ്‌ അപ്പിയിട്ടെന്നു തോന്നുന്നു’..

വരുന്നൂ മനുഷ്യാ’-അടുക്കളയില് നിന്നും സുമയുടെ സ്വരം..

എന്നാല്പിന്നെ ഞാന്‍ തന്നെ കഴുകിക്കൊടുക്കാമെടീ’-രവി പിറുപിറുത്തു..

വന്നേടാ മോനെ,അച്ഛന്‍ കഴുകിത്തരാം’.

മുറ്റത്തെ ടാപ്പിണ്റ്റെ മുന്നില്‍ തിരിച്ചു നിര്‍ത്തി അപ്പൂട്ടണ്റ്റെ ചന്തി കഴുകാന്‍ തുടങ്ങിയതും സുമയുടെ നിലവിളി കേട്ടു-‘അവിടെ കഴുകരുത് രവിയേട്ടാ’..

നീ പോടീ, എന്താ ഇവിടെ ചന്തി കഴുകിയാല്‌’?


അത് നിലവിളക്ക് കഴുകുന്ന ടാപ്പാ..ദൈവകോപം കിട്ടും’.കരച്ചിലോടെ സുമ പറഞ്ഞു.


നിലവിളക്ക് കഴുകുന്ന ടാപ്പോ,ഒന്നു പോടീ,ചന്തിയിത്രയും വില കുറഞ്ഞ സാധനമാണോ??കുഞ്ഞിനെ എടുത്തൊണ്ടു പോയെ നീ’..രവി പല്ലിറുമി..ദൈവത്തിനും ടാപ്പോ!!


സുമയുടെ ഏങ്ങലടി അപ്പോളേക്കും ഉച്ചസ്ഥായിയില് ആയിക്കഴിഞ്ഞിരുന്നു..മുറ്റം ചവിട്ടി മെതിച്ച് നടക്കുന്നതിനിടയില് രവി ഓര്‍ത്തു..സ്വസ്ഥത കളയാനായിട്ട് ഇപ്പോള് ദേ ഒരു ടാപ്പ്‌..അതും ദൈവത്തിന്‌..


ഇതാണ് പുതിയ വീട്ടില് ഒരു പൂജാമുറി പോലും വേണ്ടെന്നു വച്ചത്‌..പൂജാമുറിയെങ്ങാനും വച്ചാല് പിന്നെ സമാധാനം പോയതു തന്നെ..കുഞ്ഞ് അതിനു മുന്നില് മൂത്രം ഒഴിക്കാന്‍ പാടില്ല..മുറിക്കു മുന്നിലൂടെ ലുങ്കി മടക്കി കുത്തി നടക്കാന്‍ പാടില്ല..മീനും ഇറച്ചിയുടെയും മണം തീരെ പാടില്ല..ഇത്തരം ഭക്തി ഒരു രോഗമാണോ?? എങ്കില് തണ്റ്റെ ഭാര്യയുടെ പ്രശ്നം അതു തന്നെയാണ്‌..മുടിഞ്ഞ ഭക്തി കൊണ്ട്‌ തോറ്റു..

   തണ്റ്റെ അച്ഛന്‍ സുകുമാരപിള്ള പണ്ടൊരു തുലാഭാരം  നേര്‍ന്നതിണ്റ്റെ ക്ഷീണം ഇതു വരെ മാറിയിട്ടില്ല..മകനായ ഞാന്‍ ജനിച്ചപ്പോള് ശര്‍ക്കര കൊണ്ട് ദേവിയ്ക്കൊരു തുലാഭാരം പിള്ളേച്ചന്‍ നേര്‍ന്നിരുന്നത്രെ..എന്നാല്‍ ശര്‍ക്കരയുടെ വില നിലവാരം അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഉയര്‍ന്നത്‌ കൊണ്ടും മകണ്റ്റെ ഭാരം നാള്‍ക്കുനാള് കൂടി വരുന്നതു കൊണ്ടും സുകുമാരപിള്ളക്ക് തുലാഭാരത്തില് താല്പ്പര്യം നഷ്ടപ്പെട്ടെന്നാണ് കേട്ടു കേള്‍വി..വലിയ ദേവിഭക്തനായതിനാല് എളിയ ഭക്തണ്റ്റെ  അവിവേകം ദേവിയങ്ങു ക്ഷമിച്ചെയ്ക്കും എന്നു കരുതി ഇരിക്കുമ്പോളാണ് ഗതികേടിന് പിള്ളേച്ചന്‍ ഒരു ദുര്‍ബല നിമിഷത്തില്  കാര്യം മരുമകളോടു പറഞ്ഞത്‌..അതിനു ശേഷം ജഗപൊക,.പൊടിപൂരം!!!അതുവരെയുണ്ടായ എല്ലാ ആപത്തുകളും വിപത്തുകളും ദൈവകോപ സിദ്ധാന്തത്തിലൂടെ സുമ വിശകലനം ചെയ്തു..എന്തിനേറെ ഭര്‍ത്താവ്‌ തല തിരിഞ്ഞു പോയതിനു കാരണവും തുലാഭാരം നടത്താത്തതു കൊണ്ടാണെന്നു പ്രസ്താവനയിറക്കി..പ്രശ്ന പരിഹാരത്തിനും ഭര്‍ത്താവിണ്റ്റെ ഉന്നമനത്തിനുമായി മുപ്പതു തേങ്ങ വിവിധ അമ്പലങ്ങളിലായി ഉടച്ചു തീര്‍ത്തു..ഇതു പോരാഞ്ഞു പിള്ളേച്ചണ്റ്റെ ദോഷം തീര്‍ക്കാനായി അറുപതു തേങ്ങയും,എല്ലാമറിഞ്ഞിട്ടും ഒരാഴ്ച്ച തേങ്ങയുടയ്ക്കാന് ലേറ്റായതിണ്റ്റെ ക്ഷീണം തീര്‍ക്കാന്‍ ഒരു തേങ്ങയും കൂട്ടി തൊണ്ണൂറ്റി ഒന്നു തേങ്ങ ഉടച്ചപ്പോളാണത്രെ സുമയ്ക്കു സമാധാനം കിട്ടിയത്‌..ഇതെല്ലാം കണ്ട് ചിന്താകുലനായ പിള്ളേച്ചന്‍ മകണ്റ്റെ തിരിഞ്ഞ തല നേരെയാക്കാനും മരുമകളുടെ സമാധാനത്തിനും വേണ്ടി ഏറ്റവും അടുത്ത മുഹൂര്‍ത്തത്തില്‍ തന്നെ തുലാഭാരമങ്ങു നടത്തിയത്രെ.

   ടാപ്പില് ചന്തി കഴുകിയതിണ്റ്റെ ദോഷങ്ങളേയും പരിഹാരക്രിയകളേയും പറ്റിയാകും അടുത്ത മാസങ്ങളിലെ ചര്‍ച്ച..എണ്റ്റെ പൊന്നു ദേവീ..ഒരു പുതിയ ടാപ്പ് എന്തായാലും അടിയന്‍ വച്ചു തന്നിരിയ്ക്കും,ഉറപ്പ്‌..ജാഗ്വര്‍ കമ്പനിയുടെ ടാപ്പ് തന്നെ ഇരിയ്ക്കട്ടെ..സമാധാനമാണല്ലോ ഏറ്റവുംവലുത്‌'..ഹാര്ഡ്വെയര്‍ സ്റ്റോറിലേയ്ക്ക് നടക്കുമ്പോളെയ്ക്കും രവി ഓര്‍ത്തു..


Related Posts Plugin for WordPress, Blogger...