Thursday, 13 December 2012

ക്യാപ്റ്റോ,പരാക്രമം പിച്ചിനോടല്ല വേണ്ടു..

ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിനെ നാണക്കേടിണ്റ്റെ പടുകുഴിയിലേക്ക്‌ വലിച്ചിഴച്ച ഒരു ടെസ്റ്റ്‌ സീരീസ്സായി മാറിക്കഴിഞ്ഞിരിക്കുന്നു 2012 ലെ ഇംഗ്ളണ്ട്‌ ടീമിണ്റ്റെ ഇന്ത്യന്‍ പര്യടനം..ഒരുത്തനെ വീട്ടില്‍ വിളിച്ചു വരുത്തി ഒടിഞ്ഞ കസേരയില്‍ ഇരുത്തി വീഴിക്കുക എന്ന വില കുറഞ്ഞ തന്ത്രം ധോണിയെ പോലെ വിജയ റിക്കോര്‍ഡ്‌ ഉള്ള ഒരു ക്യാപ്റ്റനില്‍ നിന്നും ആരും പ്രതീക്ഷിച്ചില്ല പോലും.ഇങ്ങേര്‍ക്ക്‌ ഇതെന്തിണ്റ്റെ കേടാണ്‌?സ്വന്തം നാട്ടില്‍ സ്പിന്‍ പിച്ചുണ്ടാക്കി ജയിക്കെണ്ട ഗതികേടു നമുക്കുണ്ടൊ?അങ്ങനെ ജയിക്കാന്‍ ഏതു മോനും പറ്റില്ലേ?ഇങ്ങനെ പോകുന്നു സംശയങ്ങള്‍.യുവരാജിനേയും സച്ചിനെയും പോലുള്ള കളിക്കാരുടെ അസാമാന്യ പ്രകടനത്തിലൂടെ കിട്ടിയ ലോകകപ്പ്‌ വിജയം തനിക്കു കിട്ടിയ ഒരു ബോണസ്സായി കരുതേണ്ടതിനു പകരം ടെസ്റ്റ്‌ ക്രിക്കറ്റില്‍ കൂടി തണ്റ്റെ വിജയം എങ്ങനേലും കുറിച്ചേ അടങ്ങൂ എന്ന സമീപനം നല്ലതാണോ എന്ന്‌ ധോണി തന്നെ പരിശോധിക്കേണ്ടിയിരിക്കുന്നു. ഈഡന്‍ ഗാര്‍ഡന്‍സ്‌ പിച്ച്‌ ക്യുറേറ്ററോട്‌ തലയും ചൊറിഞ്ഞ്‌ 'പൊന്നു മച്ചമ്പീ,ആ പിച്ചങ്ങ്‌ കിളച്ചിട്ടേരെ,നമ്മുടെ ഹര്‍ബജനളിയനും ഓജ അളിയനും ബാക്കി കാര്യം നോക്കിക്കോളും' എന്നു പറഞ്ഞതും ,'പോയി പണി നോക്കൂവാ, അന്തസ്സായി കളിച്ച്‌ ജയിക്കാന്‍ നോക്കു മോനെ നാറിയ പരിപാടിക്കിറങ്ങാതെ,കുറെ നാളായല്ലോ ക്രിക്കറ്റ്‌ ചൊരണ്ടുന്നെ,നിന്നെക്കാളും വലിയ ക്യാപ്റ്റന്‍മാര്‍ എന്നൊടിങ്ങനെ പറഞ്ഞിട്ടില്ലാ,അതിനു വേറെ ആളെ നോക്കിക്കോ' എന്ന്‌ തിരിച്ചടിച്ച്‌ ക്യുറേറ്റര്‍ തല ഉയര്‍ത്തി പോയതും ചരിത്രം.വെറുതെയിരുന്ന അമ്മാവനെ ഷോര്‍ട്ട്‌ പിച്ച്‌ ബോളിട്ട്‌ ഫോമാക്കിയ പോലായിപ്പോയല്ലോ,മൂപ്പീന്നിനെ പോകാന്‍ പറ'എന്നു മൊഴിഞ്ഞ്‌ നാണം കെട്ടവണ്റ്റെ മൂലത്തിലെ ആലിണ്റ്റെ തണലില്‍ പുതിയ ചെറുപ്പക്കാരന്‍ ക്യുറേറ്ററെ ഇറക്കി ക്യാപ്റ്റന്‍ ഉദ്ദിഷ്ട കാര്യം സാധിച്ചെന്നാണ്‌ കേട്ടു കേള്‍വി.അതിനു ശേഷം ഉണ്ടായ പുകില്‌ പറയേണ്ടതില്ലല്ലോ??ഇംഗ്ളണ്ടിനു വടിയും കൊടുത്തു,കിട്ടാനുള്ള അടിയും മേടിച്ചു.
                ഇനി നമുക്ക്‌ നേരെയങ്ങു പറയാമല്ലോ..ആദ്യം ധോണിയെപ്പോലുള്ള ക്യാപ്റ്റന്‍മാര്‍ മനസ്സിലാക്കേണ്ട കാര്യം എങ്ങനെയെങ്കിലും ജയിക്കേണ്ട കളിയാണോ 'മാന്യന്‍മാരുടെ കളി' എന്നറിയപ്പെടുന്ന ക്രിക്കറ്റ്‌ എന്നുള്ളതാണ്‌.ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിന്‌ തോല്‍വികള്‍ ഒരു പുതിയ കാര്യവുമല്ല.പക്ഷെ ആ തോല്‍വികളിലും ക്രിക്കറ്റിനെ സ്നേഹിക്കുന്ന ഓരൊ ഇന്ത്യാക്കാരനും സന്തോഷം തോന്നണം.മികച്ച കളി കാഴ്ച്ച വച്ച ടീം ജയിച്ചു എന്നതാണ്‌ കാര്യം, അല്ലാതെ പാകിസ്താണ്റ്റെ ലോക പ്രശസ്തരായ ബൌളന്‍മാര്‍ ക്രിക്കറ്റ്‌ ലോകത്തിനു കാണിച്ചു തന്ന പോലെ പന്തു ചുരണ്ടിയും ,1930 കളിലെ ഇംഗ്ളണ്ട്‌ ക്രിക്കറ്റ്‌ ടീമിനെയും 1980 കളിലെ ആദ്യപകുതിയിലെ വെസ്റ്റ്‌ ഇന്‍ഡീസ്‌ ടീമിനെയും പോലെ അപകടകരമായ ബൊഡീലൈന്‍ പന്തുകള്‍ മാത്രം എറിഞ്ഞ്‌ ബാറ്റ്സ്മാണ്റ്റെ മണ്ടയെങ്കിലും എറിഞ്ഞ്‌ പൊട്ടിച്ച്‌ കളി ജയിക്കണമെന്നതിലല്ല.ബംഗ്ളാദേശിനെ പോലുള്ള കുഞ്ഞന്‍ ക്രിക്കറ്റ്‌ രാജ്യങ്ങള്‍ പോലും ശക്തരായ ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിനെ തൊല്‍പ്പിച്ചപ്പോള്‍ അതവരുടെ പ്രയത്നത്തിണ്റ്റെ വിജയമായി കണ്ട്‌ ആശ്വസിച്ചവരാണ്‌ ഇന്ത്യന്‍ ക്രിക്കറ്റ്‌ പ്രേമികള്‍.സച്ചിനെയും കുംബ്ളെയെയും പോലുള്ള മാന്യരായ കളിക്കാരേയും ക്യാന്‍സര്‍ എന്ന മഹാവ്യാധിയുടെ  പിടിയില്‍ നിന്ന്‌ അത്ഭുതകരമായ അതിജീവനത്തിലൂടെ ക്രിക്കറ്റിലെക്ക്‌ തിരിച്ച്‌ വന്ന യുവരാജും കളിച്ച ഇന്ത്യന്‍ ടീമില്‍ ,എങ്ങനെയെങ്കിലൂം ജയിക്കണം എന്ന അവസ്ത കൊണ്ടു വരേണ്ട ആവശ്യമുണ്ടൊ?ഇത്രയും ശക്തമായ ഒരു ടീമില്‍ ജയിച്ചാലും തോറ്റാലും ഒരു 'കൂള്‍ ക്യാപ്റ്റനായി' നില്‍ക്കെണ്ട കടമയെ തല്‍ക്കാലം ധോണിക്കുള്ളൂ.എന്തായാലും സ്വന്തം ജോലിയൊടും മനസ്സാക്ഷിയോടും കൂറു പുലര്‍ത്തുന്ന ഈഡന്‍ ക്യൂരേറ്റര്‍ പ്രബീര്‍ മുഖര്‍ജീയെ പോലുള്ള അന്തസ്സുള്ള വ്യക്തികളെ അഭിനന്ദിക്കാന്‍ നമ്മള്‍ മറന്നു കൂടാ..

 വാല്‍കഷ്ണം:

ഗാംഗുലി ലോഡ്സില്‍ ഉടുപ്പൂരി കറക്കിയത്‌ മോശമായി പോയി അല്ലേ,ചേട്ടാ.. ?

നീ പോടാ കൊച്ചനേ,അന്തസ്സായി കളിച്ചു ജയിക്കുമ്പൊള്‍ ഉടുപ്പോ മുണ്ടോ ഷട്‌ടിയോ ഊരി കറക്കിക്കോട്ടെന്നെ..കാണണ്ടേല്‍ കണ്ണ്‌ ഇറുക്കിയടച്ചോ.. അല്ലാതെ എങ്ങനേലും ജയിച്ച്‌ കൂള്‍ ക്യാപ്റ്റനാകണോ?


Picture courtesy :Mr.Sathish Acharya ,cartoonistsatish.blogspot.in

Sunday, 16 September 2012

ഒരു പണ്ഡിറ്റും കുറേ മണ്ടന്‍മാരും..

'നമ്മള്‍ തമ്മില്‍' എന്ന ജനകീയ പ്രോഗ്രാമിലെ അവതാരകനായി സന്തോഷ്‌ പണ്ഡിറ്റിനെ തിരഞ്ഞെടുക്കണമെന്നാണ്‌ എണ്റ്റെ അഭിപ്രായം..നമ്മുടെ ശ്രീകണ്ഠന്‍ നായരെയും ബ്രിട്ടാസ്സിനെയും നിഷ്പ്രഭരാക്കുന്ന സരസ്വതീ വിലാസവും അസഹിഷ്ണുതാ മനോഭാവവും സന്തോഷിനുണ്ട്‌. ഈ മഹാനുഭാവണ്റ്റെ തൊലിക്കട്ടിയും,ഒടുക്കത്തെ ഗാനാലാപനവും, പേയ്‌ പിടിച്ച പോലുള്ള ചേഷ്ടകളും കാണാന്‍ മലയാളി പ്രേക്ഷകര്‍ക്ക്‌ താല്‍പര്യമുണ്ടെന്ന്‌ പതുക്കെ പറഞ്ഞാല്‍ പോരാ എന്നു തോന്നുന്നു. ഒരിക്കല്‍ പോലും ഇത്തരം ചര്‍ച്ചകള്‍ കാണാന്‍ താല്‍പര്യമില്ലാത്തവര്‍ പോലും ഇപ്പൊള്‍ ഈ ദേഹത്തെ കാണാന്‍ മാത്രമായി ടെലിവിഷണ്റ്റെ മുന്നില്‍ ഇരിക്കാറുണ്ട്‌.മുഴുവന്‍ സമയവും ക്യാമറ ഫോക്കസ്‌ തന്നെ അദ്ദേഹത്തില്‍ മാത്രമാണ്‌.ബ്രിട്ടാസ്‌ വളരെ ശ്രമകരമായി മറ്റുള്ളവര്‍ക്ക്‌ സംസാരിയ്ക്കാന്‍ അവസരം കൊടുക്കാന്‍ നോക്കുന്നുണ്ടെങ്കിലും അവസാനം സന്തോഷിലെയ്ക്കു തന്നെ ക്യാമറ തിരിച്ചു പോകുന്ന അത്ഭുത കാഴ്ച്ച നമുക്കു കാണാന്‍ കഴിയും.അഞ്ച്‌ ലക്ഷം കൊണ്ടു സിനിമ പിടിക്കാനും സംവിധാനവും ഗാനരചനയും അഭിനയവുമുള്‍പ്പെടെ പത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ഒരു സിനിമയില്‍ എങ്ങനെയൊക്കെയൊ കൈകാര്യം ചെയ്യാന്‍ ധൈര്യം കാണിയ്ക്കുന്ന ഈ പ്രതിഭാസത്തില്‍ നിന്ന്‌ ചില കാര്യങ്ങള്‍ നമുക്കു പഠിക്കാനുണ്ടെന്നു തോന്നുന്നു.മിക്കപ്പോളും ഒരു തല പോയ കേസായി സന്തോഷ്‌ നമ്മളെ തോന്നിപ്പിക്കുമ്പോള്‍ പോലും ,പണ്ടൊരു ചര്‍ച്ചയില്‍ നമ്മുടെ അഡ്വ.ബാബുരാജിനെ പോലുള്ളവരോട്‌ നല്ല കൂളായി 'എല്ലാവര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന ഒരു ഹിറ്റ്‌ സിനിമ ചെയ്യാന്‍ നോക്കെടോ,വാചകമടിക്കാതെ' എന്നു പറയുന്നതു കേള്‍ക്കുമ്പോല്‍ ഇങ്ങേരു ഈ പറയുന്നതിലും എന്തൊക്കെയോ കാര്യമില്ലേ എന്നൊരു സംശയം തോന്നാം.അതു സ്വാഭാവികം.'എണ്റ്റെ പൈസ കൊണ്ടു ഞാന്‍ പിടിക്കുന്ന പടത്തില്‍ ഞാന്‍ ഇഷ്ടമുള്ളതു കാണിക്കും,താല്‍പര്യമുള്ളവര്‍ കണ്ടാല്‍ മതി, എന്നു സന്തോഷിനെ കൊണ്ടു പറയിക്കുന്നതും നമ്മള്‍ തന്നെ അല്ലേ എന്നൊരു സംശയം.പണ്ടു കാലത്ത്‌ എങ്ങനെയൊക്കെയൊ തട്ടിക്കൂട്ടുന്ന ഷക്കീലപ്പടങ്ങള്‍ സ്ഥിരമായി കണ്ടും വിജയിപ്പിച്ചും കോള്‍മയിര്‍ കൊണ്ടിരുന്ന മലയാളിയ്ക്ക്‌ എന്നാണ്‌ ഈ കലാമൂല്യബോധം ഉണ്ടായതെന്ന്‌ സന്തോഷ്‌ ചോദിച്ചാല്‍ നമുക്ക്‌ മറുപടിയുണ്ടോ??. ഏഷ്യാനെറ്റ്‌ പോലുള്ള ചാനലുകള്‍ സ്ഥിരമായി അദ്ദേഹത്തിനെ കൂട്ടു പിടിക്കുന്നതു തന്നെ സന്തോഷിണ്റ്റെ ഈ മാനറിസങ്ങളും നെഗറ്റീവ്‌ പബ്ളിസിറ്റിയും വിറ്റു കാശാക്കാനാണല്ലോ.അപ്പോള്‍ സന്തോഷിനു മാത്രമായി സൃഷ്ട്ടിക്കുന്ന ഈ ചര്‍ച്ചയിലൊക്കെ വന്നിരുന്ന്‌ ഈ മഹാനു വടി കൊടുത്ത്‌ അടി മേടിക്കുന്നവരൊടാണ്‌ നമ്മള്‍ക്ക്‌ സഹതാപം തോന്നേണ്ടത്‌.എന്തെങ്കിലുമൊക്കെ അങ്ങേരെ ചൊറിയാന്‍ പറഞ്ഞിട്ടു 'ഒരു മാതിരി വെറുതെ ഇരിക്കുന്ന ആസനത്തില്‍ ചുണ്ണാമ്പ്‌ തേച്ച അവസ്ഥയില്‍' ഇരിക്കുന്നവരെ കാണുമ്പൊള്‍ ഇവരൊക്കെയല്ലേ സന്തോഷിനെ സന്തോഷാക്കാന്‍ പ്രയത്നിക്കുന്നത്‌ എന്നൊരു സംശയം തോന്നാം.ആറു മാസം രാപ്പകലില്ലാതെ കഷ്ടപ്പെട്ടിറക്കിയ കലാസൃഷ്ടിയെ ഒന്നു കാണാന്‍ പോലും കൂട്ടാക്കാതെ എന്നെ കൊത്തി വലിക്കുന്ന കഴുകന്‍മാരല്ലേ നിങ്ങള്‍ എന്ന സന്തോഷിണ്റ്റെ രോദനവും കേള്‍ക്കാന്‍ കഴിഞ്ഞു.. ഇങ്ങനുള്ള നിരുപദ്രവകാരിയായ സന്തോഷുമാരെ യൂ റ്റ്യുബില്‍ കണ്ടു രസിയ്ക്കുന്നവരും വെള്ളമടിച്ചു തീയറ്ററില്‍ പോയി തെറി വിളിച്ചു സന്തോഷ്‌ സിനിമയെ ഉത്സവമാക്കുന്നവരുമല്ലേ കുറച്ചു കൂടി മിടുക്കന്‍മാര്‍??

ചിത്രത്തിനു കടപ്പാട്‌:ശ്രീ. അനുരാജ്‌

Sunday, 24 June 2012

സ്പിരിറ്റ്‌..


സമകാലീന മലയാള സിനിമകളില്‍ നിന്ന്‌ വേറിട്ട്‌ നില്‍ക്കുന്ന സിനിമകളെയും നായകന്‍മാരെയും നമുക്ക്‌ സമ്മാനിയ്ക്കാന്‍ രഞ്ജിത്‌ എന്ന സംവിധായകനു കഴിഞ്ഞിട്ടുണ്ട്‌.അത്തരം സിനിമകളില്‍ കണ്ടിറങ്ങുന്ന പ്രേക്ഷകരെ ചിന്തിപ്പിയ്‌കുന്ന എന്തോ ഒന്ന്‌ രഞ്ജിത്‌ സിനിമകള്‍ ബാക്കി വയ്ക്കാറുണ്ട്‌.ആ സന്ദേശത്തെ അതേ സ്പിരിറ്റില്‍ ഉള്‍ക്കൊള്ളാനുള്ള കഴിവ്‌ പ്രേക്ഷകര്‍ക്കുണ്ടായാല്‍ ആ സിനിമ വിജയിച്ചു എന്ന്‌ പറയാം.'സ്പിരിറ്റ്‌' എന്ന മോഹന്‍ലാല്‍ ചിത്രം അത്തരത്തിലുള്ള ഒരു സമീപനമാണ്‌.മോഹന്‍ലാല്‍ എന്ന മഹാനടണ്റ്റെ അഭിനയമികവിനെ ചൂഷണം ചെയ്യുന്നതില്‍ രഞ്ജിത്‌ എന്ന തിരക്കഥാകൃത്തും സംവിധായകനും വിജയിച്ചിട്ടുണ്ട്‌.മദ്യത്തിണ്റ്റെ ഉന്‍മാദാവസ്ഥയില്‍ മുങ്ങിക്കുളിച്ചു നടക്കുന്ന രഘുനന്ദന്‍ എന്ന കഥാപാത്രത്തെ മനോഹരമായി മോഹന്‍ലാല്‍ അവതരിപ്പിച്ചിരിയ്ക്കുന്നു എന്നു നിസ്സംശയം പറയാം.അമിത മദ്യപാനം എന്ന സാമൂഹ്യ വിപത്തിനെ എല്ലാ ഫ്രെയിമുകളിലും ഉള്‍ക്കൊള്ളിച്ചു കഥ പറയാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്‌.ആരുടെയും ഉപദേശത്തിനു കൂട്ടാക്കാത്ത ഒരു കൂട്ടം മദ്യപാനികളുടെ ജീവിത പ്രശ്നങ്ങളും സമൂഹത്തിണ്റ്റെ വിവിധ തട്ടിലുള്ള മദ്യപാന കൂട്ടായ്മകളെ പറ്റിയും സിനിമ എടുത്ത്‌ കാട്ടുന്നു. മദ്യാസക്തി മൂലമുള്ള വ്യക്തികളുടെ മാനസിക പ്രശ്നങ്ങളേയും പെരുമാറ്റ വൈകല്യങ്ങളെയും രഘുനന്ദനിലൂടെ പ്രേക്ഷകരിലേയ്ക്കെത്തിയ്ക്കാന്‍ സിനിമയ്ക്കു കഴിയുന്നുണ്ട്‌.മദ്യത്തിനെതിരെ പോരാടിയ മഹാന്‍ 'ലിവര്‍ സീറോസിസ്‌' വന്നു മരിച്ച നാടായി നമ്മുടെ കേരളത്തിനെ രഘുനന്ദന്‍ തന്നെ വിശേഷിപ്പിയ്ക്കുന്നുണ്ട്‌. മദ്യപാനാസക്തിയില്‍ ഭാര്യയേയും കുട്ടിയെയും മര്‍ദ്ദിയ്ക്കുന്നയാളെ സ്വന്തം ഓഫീസില്‍ വിളിപ്പിച്ച്‌ ചെകിട്ടത്തടിയ്ക്കുകയും 'പൊലയാടീ മോനേ ഇനി അവരെ തൊട്ടാല്‍ ചവിട്ടികൂട്ടുമെടാ' എന്ന്‌ ഗര്‍ജ്ജിയ്ക്കുന്ന IPS സുന്ദരിയെയും(ലെന),മറ്റൊരാളുടെ കുഞ്ഞിനെ സ്വന്തം മകനെപ്പൊലെ സംരക്ഷിയ്ക്കുന്ന അച്ഛനെയും(ശങ്കര്‍ രാമകൃഷ്ണന്‍)പോലുള്ള കഥാപാത്രങ്ങല്‍ കൈയടി നേടുന്നുണ്ട്‌.നന്ദു,കല്‍പന,തിലകന്‍,സിദ്ധാര്‍ത്‌ ഭരതന്‍,മധു എന്നിവരും നല്ല അഭിനയം കാഴ്ച്ച വച്ചിട്ടുണ്ട്‌.റഫീക്‌ അഹമ്മദിണ്റ്റെ 'മഴ കൊണ്ട്‌' എന്ന ഗാനത്തിണ്റ്റെ വരികളും, ഷഹബാസ്‌ അമണ്റ്റെ സംഗീതവും നന്നായി. മികവുറ്റ ക്യാമറാ വര്‍ക്കിലൂടെ എല്ലാ ഫ്രെയ്മുകളും വേണു മനോഹരമാക്കിയിട്ടുണ്ടെന്ന് തന്നെ പറയാന്‍ സാധിയ്ക്കും.Docu-Fiction ആയി കഥ പറയുന്ന രീതിയാണ്‌ രണ്ടാം പകുതിയിലുള്ളത്‌.പ്രേക്ഷകനൊരു ഡോക്യുമെണ്റ്ററി കാണുന്ന അനുഭവം അതുണ്ടാക്കുന്നെങ്കിലും വിരസതയില്ലാതെ കൊണ്ടു പോകാന്‍ സംവിധായകനു കഴിഞ്ഞിട്ടുണ്ട്‌.പ്രീയപ്പെട്ട സുഹൃത്ത്‌ സ്വന്തം കണ്‍മുന്നില്‍ മദ്യപിച്ചു മരിയ്ക്കുമ്പോള്‍‘ Wine is a bottled poetryഎന്ന ബുദ്ധിജീവി സങ്കല്‍പത്തെ തണ്റ്റെ മദ്യപാനാസക്തിയുടെ ന്യായീകരണം മാത്രമായി തിരിച്ചറിഞ്ഞ്‌ അതിനെ എന്നെന്നേയ്ക്കുമായി തുടച്ചു നീക്കാന്‍ രഘുനന്ദന്‍ ശ്രമിയ്ക്കുന്നത്‌ സിനിമയില്‍ നന്നായി അവതരിപ്പിച്ചിരിയ്ക്കുന്നു.എല്ലാ നിയമങ്ങളേയും വെല്ലുവിളിച്ചു ജീവിയ്ക്കുന്ന മദ്യപാനിയായ രഘുനന്ദന്‍ മദ്യത്തൊടു തന്നെ വെറുപ്പുള്ള അവസ്ഥയിലെയ്ക്ക്‌ എത്തിപ്പെടുന്നതും ഒരു നല്ല അച്ഛനായി മാറുന്നതും നമുക്ക്‌ കാണാം.എന്തായാലും കുറച്ചു പേരെയെങ്കിലും തങ്ങളുടെ അമിത മദ്യപാനാസക്തിയെക്കുറിച്ച്‌ ഒന്നു ചിന്തിപ്പിയ്ക്കാന്‍ ഈ സിനിമയ്ക്കു കഴിയുമെന്ന്‌ തീര്‍ച്ചയാണ്‌.എന്തായാലും തീയറ്റര്‍ വിട്ടിറങ്ങുമ്പോള്‍ കേട്ട ഒരു പ്രേക്ഷക കമണ്റ്റ്‌ കൂടി പറയാം-'ഇതിലും വലിയ പെരുന്നാള്‍ വന്നിട്ട്‌ വാപ്പ പള്ളിയില്‍ പോയിട്ടില്ല..വാടാ അളിയാ,രണ്ടെണ്ണം അടിച്ചിട്ട്‌ വീട്ടില്‍ പോകാം'..
      എന്തായാലും സിനിമയുടെ സ്പിരിറ്റ്‌ ഉള്‍ക്കൊള്ളാന്‍ കുറച്ചു പേര്‍ക്കെങ്കിലും സാധിയ്ക്കട്ടെ എന്ന് പ്രത്യാശിയ്ക്കാം.എന്നാലത്‌ 'സ്പിരിറ്റ്‌' എന്ന സിനിമയുടെ വിജയമായിരിയ്‌കും..
Related Posts Plugin for WordPress, Blogger...