Sunday 4 March 2012

ഈ അടുത്ത കാലത്ത്‌ ..

സൂപ്പര്‍ താര പൊലിമയും പതിവു മലയാള സിനിമാ ചേരുവകളും ഇല്ലാത്ത ഒരു വ്യത്യസ്ത ചിത്രം... 'ഈ അടുത്ത കാലത്ത്‌' എന്ന അരുണ്‍ കുമാര്‍ അരവിന്ദ്‌ സംവിധാനവും മുരളി ഗോപി തിരക്കഥയും ചെയ്ത ഒരു ചെറിയ സിനിമ , മലയാള സിനിമയുടെ അടുത്ത കാലത്തുണ്ടായ ആഖ്യാന മാറ്റത്തിണ്റ്റെ ഒരു ഉത്തമ ഉദാഹരണം തന്നെയാണ്‌.മലയാള സിനിമാ ചരിത്രത്തിണ്റ്റെ സുവര്‍ണ കാലമായിരുന്ന എണ്‍പതുകളുടെ അവസാനവും തൊണ്ണൂറു കാലഘട്ടവും നോക്കുകയാണെങ്കില്‍ നമുക്കൊരു വെറിട്ട ആഖ്യാന രീതി കാണാന്‍ കഴിഞ്ഞത്‌ മഴയായും ഗന്ധര്‍വനായും മുന്തിരി വള്ളികളായും നമ്മളിലേയ്ക്കു പടര്‍ന്നു കയറിയ പത്മരാജന്‍ എന്ന ജീനിയസ്സിണ്റ്റെ ചിത്രങ്ങളിലായിരുന്നു.കഥ പറഞ്ഞു പറഞ്ഞു കൊടുത്ത്‌ തന്നെ ഒരു കഥ പറച്ചിലുകാരനാക്കിയ പത്മരാജന്‍ പറയാറുള്ള ആ അമ്മയെപ്പൊലെ,മുരളി ഗോപി എന്ന തിരക്കഥാകൃത്തിനും പൈതൃക ഗുണം കിട്ടിയിരിക്കാം. ഒരു കെട്ടുറപ്പുള്ള തിരക്കഥയുടെ മുന്‍തൂക്കം ഈ ചിത്രത്തില്‍ നമുക്കു കാണാന്‍ കഴിയുന്നുണ്ട്‌.അരുണ്‍ കുമാര്‍ അരവിന്ദ്‌ എന്ന സംവിധായകന്‍ രണ്ടാമത്തെ ചിത്രത്തിലൂടെ തണ്റ്റെ പ്രതിഭ ശരി വയ്ക്കുന്ന പ്രകടനം കാഴ്ച വച്ചിരിക്കുകയാണ്‌.ആറു വശങ്ങളുള്ള ഒരു റുബിക്‌ ക്യൂബ്‌ പോലെ ജീവിതത്തിണ്റ്റെ നാനാ തുറകളിലുള്ള ആറു വ്യക്തികളുടെ ജീവിതം ഈ പുതു തലമുറ ചിത്രം എടുത്തു കാട്ടുന്നുണ്ട്‌.'ജീവിതം ഒരു റുബിക്‌ ക്യൂബ്‌ പോലെയാണ്‌.എണ്ണമറ്റ ട്വിസ്റ്റുകളുണ്ടാകും അതില്‍.ഒരിക്കല്‍ അതു ശരിയായ രൂപത്തില്‍ എത്തിയാല്‍ ഏതു വശത്തു നിന്നു നോക്കിയാലും അതിനു പൂര്‍ണ രൂപം കൈ വന്നിരിക്കും'.ഈ വരികളെ ഉള്‍ക്കൊള്ളിച്ചു കൊണ്ട്‌ പ്രേക്ഷകരെ വ്യത്യസ്ത ആസ്വാദന തലത്തിലേക്ക്‌ എത്തിക്കുവാന്‍ സിനിമയ്ക്കു കഴിയുന്നു.ഒരു വലിയ കഥാബീജമുള്ള സിനിമയേ നല്ല സിനിമയാകൂ എന്ന മലയാളിയുടെ സ്ഥിരം പല്ലവിയെ അവഗണിച്ചു കൊണ്ടു തീര്‍ത്തും പുതു തലമുറക്കു ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ചെറിയ ജീവിത സന്ദര്‍ഭങ്ങളെ കൊര്‍ത്തിണക്കി ഒരു ത്രില്ലര്‍ നമുക്കു സമ്മാനിക്കുവാന്‍ സംവിധായകനു കഴിഞ്ഞിട്ടുണ്ട്‌.ജീവിക്കാന്‍ വേണ്ടി പല വേഷവും കെട്ടിയാടുന്ന വിഷ്‌ണു എന്ന സാധരണക്കാരന്‍(ഇന്ദ്രജിത്ത്‌),ഭര്‍ത്താവിണ്റ്റെ വരുമാന മാര്‍ഗങ്ങളില്‍ തൃപ്തയല്ലാത്ത ഭാര്യ രമണി(മൈഥിലി),സമൂഹത്തില്‍ ഉന്നതനായ ആശുപത്രി ഉടമയും എന്നാല്‍ കുടുംബ ജീവിതത്തില്‍ മാനസിക-ലൈംഗിക വൈകല്യങ്ങള്‍ പ്രകടിപ്പിക്കുന്ന അജയ്‌ കുര്യന്‍(മുരളി ഗോപി),ഭര്‍ത്താവില്‍ നിന്നും മാനസികവും ശാരീരികവുമായ ഒരു സംതൃപ്തിയും കിട്ടാത്ത  അജയ്‌ കുര്യണ്റ്റെ സുന്ദരിയായ ഭാര്യ മാധുരി(തനുശ്രീ ഘോഷ്‌).അവളെ കെണിയില്‍ വീഴ്ത്താന്‍ വലയും വിരിച്ചിരിക്കുന്ന രുസ്തം(നിഷാന്‍),തണ്റ്റെ വ്യക്തിത്വത്തിനു അമിത പ്രാധാന്യം കൊടുക്കുന്ന സിറ്റി പോലീസ്‌ കമ്മീഷണര്‍ ടോം ചെറിയാന്‍ (അനൂപ്‌ മേനോന്) എന്നിവരുടെ സമാന്തര ജീവിതങ്ങളും അവരുടെ ആകസ്മിക ബന്ധപ്പെടലുകള്‍ ഉണ്ടാക്കുന്ന സസ്പെന്‍സ്‌ നിറഞ്ഞ മുഹൂര്‍ത്തങ്ങളിലൂടെ സിനിമ മുന്നോട്ട്‌ പോകുന്നു.തങ്ങളുടെ വേഷങ്ങള്‍ ഇന്ദ്രജിത്തും,മുരളി ഗോപിയും,നിഷാനും മികച്ചതാക്കി.വാട്സണ്‍ എന്ന ഗുണ്ട വേഷം ചെയ്ത ബൈജുവിണ്റ്റെ പ്രകടനവും നന്നായി.പിന്നെ എടുത്തു പറയേണ്ട ഒരു കാര്യം ആദ്യ പകുതി കഥാ പാത്രങ്ങളുടെ പരിചയപ്പെടുത്തലുകളിലൂടെ നീണ്ടു പൊയി, എന്നാല്‍ പോലും പ്രേക്ഷകരെ പിടിച്ചിരുത്താനും തണ്റ്റെ തന്നെ ചിത്രസന്നിവേശ മികവിലൂടെ രണ്ടാം പകുതി മികച്ചതാക്കാനും സംവിധായകനു കഴിഞ്ഞു.ഷെഹ്നാദ്‌ ജലാലിണ്റ്റെ ഛായാഗ്രഹണ മികവും ഗോപി സുന്ദറിണ്റ്റെ പശ്ചാത്തല സംഗീതവും ചിത്രതിന്‌ പുത്തനുണര്‍വു നല്‍കിയിട്ടുണ്ട്‌.മലയാളിയുടെ പതിവു ചേരുവാ സിനിമകളെ വെല്ലുവിളിക്കുന്ന ഇത്തരം മള്‍ട്ടി നരേറ്റീവ്‌  സിനിമകള്‍ പ്രൊത്സാഹിപ്പിക്കെണ്ടത്‌ നമ്മുടെ കടമയാണ്‌..എന്തായാലും ഈ അടുത്ത കാലത്തു കണ്ട നല്ല ഒരു സിനിമയാണ്‌  'ഈ അടുത്ത കാലത്ത്‌ ' എന്ന ഈ അരുണ്‍ കുമാര്‍ അരവിന്ദ്‌ ചിത്രം.

2 comments:

  1. priyadarsan ന്റെ എഡിറ്റര്‍ ആയിരുന്ന Arun kumar , 'Koktail' എന്ന സിനിമയു മായി വന്നപ്പോള്‍... priyadarsan ന്റെ അതേ പാത യിലാണെന്നു(കോപ്പി യടി) തോന്നിയിരുന്നു...പക്ഷേ 'ഈ അടുത്ത കാലത്ത്' എന്ന സിനിമ അദ്ദേഹം Genuine film maker ആണെന്നു തെളിയിച്ചിരിക്കുന്നു...
    Good Review Mash...

    ReplyDelete
  2. Murali gopi is a very talented person

    ReplyDelete

Related Posts Plugin for WordPress, Blogger...